തൊടുപുഴ: നിർദിഷ്ട വന നിയമ ഭേദഗതി നിർദ്ദേശങ്ങൾ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയപ്പോൾ ഇടുക്കിയിലെ ജനങ്ങളെ മനസ്സാലെ മറന്ന മന്ത്രി റോഷി അഗസ്റ്റിൻ രാജിവച്ച് ജനങ്ങളോട് മാപ്പ് ചോദിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അഡ്വ. ജോസഫ് ജോൺ ആവശ്യപ്പെട്ടു. ഭേദഗതി നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇടുക്കി ജില്ലയിലെ ജനങ്ങളെയാണ്. ജനങ്ങളെ കുടിയിറക്കി വനവിസ്തൃതി വർദ്ധിപ്പിക്കൽ ലക്ഷ്യം വയ്ക്കുന്ന നിയമഭേദഗതി വനം നിയമം പൊതുഭരണം വകുപ്പുകൾ പരിശോധിക്കുകയും മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ സംസ്ഥാന മന്ത്രിസഭ ചർച്ചചെയ്ത് അംഗീകരിക്കുകയും ആണ് ചെയ്തിട്ടുള്ളത്. നിയമഭേദഗതി നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് നിയമമാക്കുന്നതിന് മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഈ അവസരങ്ങളിൽ ഒന്നും ജില്ലയിൽ നിന്നുള്ള മന്ത്രിയായ റോഷി ഒരു എതിർപ്പും പറഞ്ഞിട്ടില്ല എന്നത് ആശ്ചര്യജനകമാണ്.വനത്തിനുള്ളിൽ വെള്ളം ശേഖരിക്കാൻ പോലും കഴിയില്ല. വനപ്രദേശങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ മേൽ സമ്മർദം ചെലത്തി അവരെ കാർബൺ ഫണ്ട് വാങ്ങി കുടിയിറക്കുന്നതിന് ശുപാർശ ചെയ്യുന്നതാണ് നിയമം. കേസ് എടുത്താൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത കർഷകന് മേൽ ചുമത്തുന്ന നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.