
പീരുമേട്: വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം വാഹന പാർക്കിംഗ് നിരോധിച്ച പ്രദേശത്ത് വാഹന പാർക്കിംഗ് നിർബാധം തുടരുന്നു.വിനോദസഞ്ചാരികളുടെയും ശബരിമല തീർത്ഥാടകരുടെയും
ഉൾപ്പടെ ചെറുതും വലുതുമായ വാഹനങ്ങളാണ് അപകട ഭീഷണിയുള്ള ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്. മുൻപ് ഇവിടെ അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പും ദേശീയപാത വിഭാഗം അധികൃതരും ഉൾപ്പടെ ഈ ഭാഗത്ത് വാഹന പാർക്കിംഗ് നിരോധിച്ചിരിക്കുന്നത്.
മുൻപ് റോഡരുകിൽ മുകളിൽ നിന്ന് പാറയും മണ്ണും ഉൾപ്പെടെ ഇടിഞ്ഞ് വീണ് ഇവിടെ പാർക്ക് ചെയ്ത വാഹനത്തിന് മുകളിലേക്ക് വീഴുകയും വാഹനത്തിൽ ഇരുന്ന ഒരു സ്ത്രീ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഭാഗത്ത് വാഹന പാർക്കിംഗ് നിരോധിച്ചത്. ശക്തമായ മഴയുള്ളപ്പോൾ മണ്ണിടിച്ചിൽ ഭീഷണിയുള്ള ഒരുപ്രദേശം കൂടിയാണ് ഇവിടം. വലിയ പാറകല്ലുകളും മരങ്ങളും ഉൾപ്പടെ എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന സാഹചര്യമാണുള്ളത്. ഇവിടെ അപകടസാദ്ധ്യത മനസ്സിലാക്കിയാണ് മോട്ടോർ വാഹന വകുപ്പും ദേശീയപാത വിഭാഗവും ഈ ഭാഗത്ത് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി പാർക്കിംഗ് നിരോധന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട് എന്നാൽ ഇതെല്ലാം മറികടന്നാണ് ഈ ഭാഗത്ത് വാഹന പാർക്കിം യഥേഷ്ടം തുടരുന്നത്.ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ വാഹനപാർക്കിംഗ് ഒഴിവാക്കാനും,വേണ്ട പരിശോധനകൾ നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.