പ്രതിഷേധസൂചകമായി ഗർത്ത സമരവും
സർവമത പ്രാർത്ഥനയുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പന
കട്ടപ്പന:മേഖലയിലെ ഭൂരിഭാഗം റോഡുകളിലും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസഹമായിട്ടും പരിഹാരമുണ്ടാക്കാത്ത
നഗരസഭ അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ പ്രതിഷേധവുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർത്ഥനയും നടന്നു.പഴയ ബസ് സ്റ്റാൻഡിലെ വലിയ ഗർത്തത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് കട്ടപ്പന രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ, ട്രഷറർ ബിജോയി സ്വരലയ,ടോമി ആനിക്കാമുണ്ട,
ജെയ്ബി ജോസഫ്, സൈജോ ഫിലിപ്പ്, രാജേഷ് രാജേന്ദ്രൻ, പി.പി കിഷോർ, എസ്.ജി മനോജ്, ജോസൻ കെ ജോസ്, ശ്രീജിത്ത് ജയൻ എന്നിവർ സംസാരിച്ചു.പഴയ ബസ്റ്റാൻഡ്,പുതിയ ബസ്റ്റാൻഡ് അടക്കം നഗരസഭയിലെ വിവിധ റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയാവുകയാണ്.കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമടക്കം അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറി.വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.ഇതിനെതിരെ മാധ്യമങ്ങൾ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ഒപ്പം നിരവധി പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.പുതിയ ബസ് സ്റ്റാൻഡിൽ മഴക്കാലമായാൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്‌റോഡുകൾ തകർന്നു കിടക്കുന്നതും ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതും അനുദിനം വളർന്നു കൊണ്ടിരിക്കുന്ന കട്ടപ്പനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കുകയാണ്.എത്രയും വേഗം ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർത്ഥനയും നടത്തിയത്. പരിപാടികൾക്ക് ശ്രീകുമാർ വാഗമൺ,ഇ.എസ് ഷനിൽ,സുനിൽ കെ.പി.എം, പ്രിൻസ് മറ്റപള്ളി,റോയി ജോർജ്,സന്തോഷ് കൂടക്കാട്ട്,ഷെമീർ, ബിനോയി കല്ലോലിപ്പറമ്പിൽ, മാത്യു എണ്ണക്കൽ,റിനു മാത്യം,സജീവ് ജോസഫ്,കെ.വി ശ്രീകാന്ത്,ദീപു തോമസ്,എസ്.കെ മനോജ്,കെ.ജെ ബിനോയി,മനു ബാബു, എബി എവറസ്റ്റ്, അനന്തു എബി,നിമേഷ് മധു എന്നിവർ നേതൃത്വം നൽകി.പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നഗരസഭ അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഭാരവാഹികൾ നിവേദനം നൽകി.
നടപടിയില്ലെങ്കിൽ
ഉപവാസം
ഉടൻ പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓഫീസ് പടിക്കൽ ഉപവാസ സമരമുൾപ്പടെയുള്ള പ്രതിഷേധങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.