ഇടുക്കി​: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള പരാതി പരിഹാര അദാലത്ത് വെള്ളിയാഴ്ച നടത്തും. രാവിലെ പത്തര മുതൽ കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിലാണ് അദാലത്ത്.
കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ പങ്കെടുക്കും.പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽകേട്ട് പരാതികൾ തീർപ്പാക്കും.പുതിയ പരാതികളും സ്വീകരിക്കും. ഈ അദാലത്തിൽ പൊലീസ് , റവന്യു , വനം , വിദ്യാഭ്യാസം, പഞ്ചായത്ത് ,ആരോഗ്യ വകുപ്പ്, പട്ടികജാതി/പട്ടികവർഗ്ഗ വികസനംതുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിക്കും.