ഇടുക്കി: ജൈവവൈവിദ്ധ്യ സംരക്ഷണരംഗത്തെ മികച്ച സംഭാവനകൾക്ക് കേരള വനംവന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധച്ചെടികൾ, കാർഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിക്കുക. വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കർഷകർക്കും അവാർഡിന് അപേക്ഷിക്കാം. ഒരു ജില്ലയിൽ ഒരു അവാർഡാണ് നൽകുക. അവാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫേറസ്ട്രി ഡിവിഷൻ, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685603 എന്ന വിലാസത്തിൽ 31 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അവാർഡിനുള്ള അർഹത തെളിയിക്കുന്ന വിവരങ്ങൾ അടങ്ങിയ കുറിപ്പും തെളിവിലേക്ക് പ്രസക്തമായ രേഖകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ജില്ലാ സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04862 232505.