
മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്നും ഡീ കമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് ആഗസ്റ്റിൽ ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുല്ലപ്പെരിയാർ വാർത്തകളിൽ നിറയുന്നത്. ഇതോടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി മുമ്പ് പ്രക്ഷോഭരംഗത്ത് ഉണ്ടായിരുന്ന വിവിധ സംഘടനകളും വീണ്ടും രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാർ സമരസമിതി, സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റ് എന്നീ സംഘടനകളാണ് പുതിയ ഡാം എന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ള സംഘടനകളും ഇവർക്ക് പിന്തുണയുമായുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് കേരളം അനുമതി നൽകിയതും പിന്നാലെ തമിഴ്നാട് മന്ത്രി നടത്തിയ പ്രസ്താവനയും ചൂടേറിയ ചർച്ചയായി. മുല്ലപ്പെരിയാർ സമരസമിതിയടക്കം സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവന്നെങ്കിലും എന്തിന് ധൃതി പിടിച്ച് അറ്റകുറ്റ പണിക്ക് അനുമതി നൽകിയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പുതിയ അണക്കെട്ട് നിർമ്മിക്കുന്നതുവരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താത്കാലിക അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടിലും സ്പിൽവേയിലും സിമന്റ് പെയ്ന്റിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് നടത്താൻ തമിഴ്നാട് ഉദേശിക്കുന്നത്. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തിയ ശേഷം മാത്രം അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ആദ്യം അറ്റകുറ്റപ്പണി, അതിനുശേഷം സുരക്ഷാ പരിശോധന എന്ന നിലപാടായിരുന്നു തമിഴ്നാടിന്. എന്നാൽ കേരളം നിലപാട് മാറ്റി. അണക്കെട്ടിൽ അറ്റകുറ്റപ്പണിക്കായി എത്തിയ തമിഴ്നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ച് ചർച്ച നടത്തുമെന്നു തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ നിയമസഭയിൽ പറഞ്ഞിരുന്നു. സ്റ്റാലിൻ കേരളത്തിൽ എത്തിയപ്പോൾ തന്നെ അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികൾ അണക്കെട്ടിലേക്ക് കൊണ്ടുപോകാൻ തമിഴ്നാടിന് അനുമതി നൽകി കേരളം ഈ മാസം 11 ന് ഉത്തരവിറക്കുകയായിരുന്നു. നിബന്ധനകളോടെ ഏഴ് ജോലികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇടുക്കി മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ മാത്രമേ അറ്റകുറ്റപ്പണി നടത്താൻ പാടുള്ളൂ. നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കണം. വന നിയമങ്ങൾ കൃത്യമായി പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിൽ മാത്രമാണ് വാഹനങ്ങൾക്ക് അനുമതി. തേക്കടി, വള്ളക്കടവ് ചെക് പോസ്റ്റുകളിൽ വാഹനങ്ങളുടെയും കൊണ്ടുപോകുന്ന സാമഗ്രികളുടെയും വിവരങ്ങൾ രേഖപ്പെടുത്തും. സംസ്ഥാന സർക്കാർ അനുമതി നൽകാത്ത നിർമാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നടത്താൻ പാടില്ല. 1980 ലെ വനസംരക്ഷണ നിയമത്തിൽ അനുമതിയില്ലാത്ത പുതിയ നിർമ്മാണവും നടത്താൻ പാടില്ലെന്നും കേരളത്തിന്റെ നിബന്ധനയിൽ പറയുന്നു.
152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി
അറ്റകുറ്റ പണിക്ക് അനുമതി നൽകിയതിന് പിന്നാലെ തമിഴ്നാട് ഗ്രാമവികസന വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന വലിയ വിവാദമായി. മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്നാടിന്റെ സ്വപ്നമാണെന്നും ഡി.എം.കെ അത് യാഥാർത്ഥ്യമാക്കുമെന്നുമാണ് തമിഴ്നാട് മന്ത്രി ഐ. പെരിയസ്വാമി പറഞ്ഞത്. തേനിയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അണക്കെട്ടിലെ ജലസംഭരണം വർദ്ധിപ്പിക്കുന്നത് ജനങ്ങളുടെ സ്വപ്നമാണ്. നിലവിലെ ഡി.എം.കെ സർക്കാർ അത് നിറവേറ്റും. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഭൂമിയും വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ല. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരു തരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി പറയുന്നു.
കേന്ദ്ര ജല കമ്മിഷൻ നിർദ്ദേശം അട്ടിമറിച്ചെന്ന്
മുല്ലപ്പെരിയാർ ഡാമിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അറ്റകുറ്റപ്പണി മതിയെന്ന കേന്ദ്ര ജല കമ്മിഷന്റെ നിർദേശം കേരളം അട്ടിമറിച്ചതായി ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാർ സമരസമിതി രംഗത്തെത്തി. ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ആശങ്കയുണ്ടെങ്കിൽ അതു പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്താമെന്നായിരുന്നു കേന്ദ്ര ജല കമ്മിഷൻ നിർദ്ദേശിച്ചിരുന്നത്. ഇക്കാര്യം സുപ്രീംകോടതിയെയും കമ്മിഷൻ ബോദ്ധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് അറ്റകുറ്റപണി നടത്താൻ തമിഴ്നാടിന് കേരളം അനുമതി നൽകുകയായിരുന്നു. തമിഴ്നാട് മന്ത്രി ഐ. പെരിയ സ്വാമിയുടെ പ്രസ്താവന ഇതിനു തെളിവാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി. അനുമതി തേടി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ചർച്ച നടത്താനിരിക്കെ അതിന് മുമ്പ് അനുമതി നൽകിയത് എന്തിനെന്ന് ജനങ്ങളെ സർക്കാർ ബോദ്ധ്യപ്പെടുത്തണം. എല്ലാക്കാലത്തും മുല്ലപ്പരിയാർ കേസിൽ നിയപരമായും രാഷ്ട്രീയമായും തോറ്റു കൊടുക്കുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തി. ഇത്തവണയും അതാവർത്തിച്ചു. ഇതിലെ താത്പര്യം എന്താണെന്ന് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും മറുപടി പറയണമെന്നും യോഗം ആവശ്യപ്പെട്ടു.