
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ നാഷ്ണൽ ആയുഷ് മിഷനിൽ നിന്നുള്ള ഒരു കോടി രൂപാ മുടക്കി സ്‌പോർട്സ് ആയുർവേദ വിഭാഗത്തിനായുള്ള കെട്ടിട നിർമ്മാണം പൂർത്തിയായി. 2021ൽ സർക്കാർ പുറമ്പോക്കിൽ നിന്ന് വിട്ട് നൽകിയ സ്ഥലത്താണ് സ്‌പോർട്സ് ആയുർവേദ വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 2010 മുതൽ ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിച്ച് വരുന്ന ആയുർവേദ ചികിത്സാ വകുപ്പിന്റെ ചികിത്സാ പദ്ധതിയായ സ്‌പോർട്സ് ആയുർവേദ റിസർച്ച് വിഭാഗത്തിൽ ദേശീയ- അന്തർദേശീയ തലത്തിലുള്ളവരടക്കം നൂറ് കണക്കിന് കായിക താരങ്ങൾ ഇതിനോടകം വിജയകരമായി ചികിത്സ തേടി മടങ്ങിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് ആശുപത്രി അങ്കണത്തിൽ ചേർന്ന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. ഇതോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകം എം.എൽ.എ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീജ, ആശുപത്രി സൂപ്രണ്ട് പി.സി. ഷീല, നാഷ്ണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുധീപ്, സ്‌പോർട്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. മാത്യു ജോസഫ് വെമ്പിള്ളി, രാജാസ് തോമസ്, നിഷ കെ. ജോയി, പി.എ. സലിംകുട്ടി എന്നിവർ സംസാരിച്ചു.
സെല്ലിന്റെ ലക്ഷ്യം
ആയുർവേദ ചികിത്സ കൂടാതെ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിച്ച് മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും ചികിത്സകളിലൂടെയും കായിക ക്ഷമത വർദ്ധിപ്പിക്കുകയാണ് ആയുർവേദ റിസർച്ച് സെല്ലിലൂടെ ലക്ഷ്യമിടുന്നത്. ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനമുണ്ടാകും. സ്‌പോർട്‌സ് ചികിത്സയിൽ ആയുർവേദ ഡോക്ടർക്ക് പരിജ്ഞാനം നൽകുന്ന സംവിധാനവുമുണ്ടാകും.