തൊടുപുഴ: തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വരലയ നൃത്തസംഗീത
കലാലയത്തിന്റെ 20-ാം വാർഷികാഘോഷപരിപാടികൾ 21ന് രാവിലെ 9.30 മുതൽ വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ നടക്കുമെന്ന് സംഘാട‌കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ബഹുഭാഷാപണ്ഡിതൻ ഡോ. കെ.യു. ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയാകും. തുടർന്ന് സംഗീത നൃത്ത അഭ്യസനരംഗത്തിന് സംഭാവനകൾ നൽകിയ തൊടുപുഴയിലെ സംഗീതനൃത്ത അദ്ധ്യാപകരെ ആദരിക്കും. 2024ലെ സ്വരലയ കീർത്തി പുരസ്‌കാരം തിരുവിഴ സുരേന്ദ്രന് നൽകി ആദരിക്കും. കലാ, സാംസ്‌കാരിക, സാഹിത്യ, ചലച്ചിത്ര മേഖലകളിലെ പ്രമുഖ്യ വ്യക്തികൾ അതിഥികളായി പങ്കെടുക്കും. തുടർന്ന് സ്വരലയ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൂറോളം കലാപരിപാടികൾ ഉണ്ടായിരിക്കും. രാത്രി 9 മണിയോടെ പരിപാടികൾ അവസാനിക്കും. പങ്കെടുക്കാനെത്തുന്നവർക്ക് വേണ്ടി വൈവിധ്യമായ വിഭവങ്ങളോടെ ഭക്ഷ്യമേളയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടകരായ കെ. അജിത്ത്, സുജിത് കൃഷ്ണൻ, ശ്രേയ സുജിത്ത്, ബിനോയ് തോമസ് എന്നിവർ പങ്കെടുത്തു.