മുട്ടം: എള്ളുംപുറം സെറ്റിൽമെന്റിലെ ആദിവാസി യുവാവ് സിറിൽ ജോൺസനെ വീണ്ടും കഞ്ചാവ് ഹാഷിഷ് ഓയിൽ കേസിൽപ്പെടുത്താനുള്ള നീക്കത്തിനെതിരെ മുട്ടം വ്യാപാരഭവൻ ഹാളിൽ ചേർന്ന ജനകീയ പ്രക്ഷോഭ സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. ആദ്യ കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനും നിരപരാധിയായ യുവാവിനെയും കുടുംബത്തെയും പീഡിപ്പിക്കുന്നതിനും ജയിലിൽ അടയ്ക്കുന്നതിനും നടത്തിയിട്ടുള്ള നീക്കത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 21ന് രാവിലെ 10ന് ഇളംദേശം എക്‌സൈസ് ഓഫീസിന് മുന്നിൽ ബഹുജന ധർണ്ണ നടത്തും. വിഷയത്തിൽ ശക്തമായ പ്രതിഷേധമുയർത്താൻ എല്ലാ വിഭാഗം ജനങ്ങളോടും യോഗം ആഹ്വാനം ചെയ്തു. ജനകീയ പ്രക്ഷോഭണ സമിതി ചെയർമാൻ ജെയിംസ് കോലാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എം.എൽ.എ പി.പി. സുലൈമാൻ റാവുത്തർ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹനൻ, ആദിവാസി ഏകോപന സമിതിയിലെ എം.ഐ. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ. ബിജു, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി എൻ. വിനോദ് കുമാർ, പഞ്ചായത്ത് മെമ്പർ റെജി ഗോപി, സി.പി.എമ്മിലെ പി.എസ്. സതീഷ്, കെ.പി.എം.എസിലെ സന്തോഷ് കുട്ടപ്പൻ, സി.പി.ഐയിലെ പി.സി. വിൽസൺ, കേരള കോൺഗ്രസ് എമ്മിലെ ജോസ് ചുവപ്പുങ്കൽ തുടങ്ങിയവർ സംസാരിച്ചു.