ഇടുക്കി: പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി മണ്ഡലത്തിലെയും പിന്നോക്ക മേഖലകൾക്ക് നൽകുമോ എന്ന എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്ര സർക്കാർ നൽകിയില്ല. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം 138 കിലോമീറ്റർ ദൂരത്തിൽ റോഡുകൾ നിർമ്മിക്കുന്നതിനാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്. ഇതിൽ 40 കിലോമീറ്റർ ദൂരത്തിൽ പദ്ധതികൾ പൂർത്തീകരിച്ചു. ബാക്കി റോഡുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് എം.പി പറഞ്ഞു. 2025 മാർച്ച് മാസത്തോടെ എല്ലാ റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി മുതൽ മേയ് വരെയുള്ള കാലത്ത് റോഡ് നിർമാണത്തിൽ വേഗത കൈവരിക്കുമെന്നതിനാൽ മാർച്ച് 31നകം ബാക്കിയുള്ള പദ്ധതികൾ കൂടി പൂർത്തീകരിക്കാനാകും. ഇടുക്കി പോലുള്ള കേരളത്തിലെ പിന്നോക്ക പ്രദേശങ്ങളിൽ റോഡ് ഗതാഗതം സുഗമമാക്കുന്ന കൂടുതൽ പദ്ധതികൾ അനുവദിക്കണം. റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ നിർമ്മിക്കുവാനും ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനും കൂടുതൽ പദ്ധതികൾ ഇടുക്കിയിൽ ആവശ്യമാണ്. പദ്ധതി കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായ രീതിയിൽ നടപ്പിലാക്കുന്നതിന് ഇടുക്കി മണ്ഡലത്തിൽ സാധിക്കുന്നുണ്ട്. ഇടുക്കിയിലെ ജനവാസമുള്ള എല്ലാ ഗ്രാമങ്ങളെയും സഞ്ചാരയോഗ്യമായ നിരത്തുകൾ വഴി ബന്ധിപ്പിക്കുന്നതിന് കൂടുതൽ പദ്ധതികൾ സർക്കാരിന് സമർപ്പിക്കും. ഇടുക്കിയിൽ ആകെ റോഡ് ശൃംഖലയുടെ 90 ശതമാനവും ഗ്രാമീണ റോഡുകളാണെന്ന വസ്തുത കേന്ദ്ര സർക്കാർ കണക്കിലെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ ആകെ 1421 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുന്നതിന് തുക അനുവദിച്ചതായി കേന്ദ്ര സർക്കാർ ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി നൽകി. ഇതിൽ 463 കിലോമീറ്റർ ദൂരമാണ് പൂർത്തീകരിച്ചത്. 952 ദൂരത്തിൽ റോഡ് പദ്ധതികൾ ഇനി പൂർത്തീകരിക്കാനുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതൽ റോഡ് പദ്ധതികൾ ഇടുക്കി മണ്ഡലത്തിൽ നിന്ന് സമർപ്പിച്ചിട്ടുണ്ടെന്ന് എം.പി അറിയിച്ചു. റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും വീതി ആറ് മീറ്ററും ഉണ്ടാവണം. കെ.എസ്.എസ്.ആർ.ഡി.എയാണ് പി.എം.ജി.എസ്.വൈ പദ്ധതികളുടെ നിർവഹണ ഏജൻസി.