
ചെറുതോണി: സഹോദരങ്ങളായ സിജുവും ബൈജുവും ആരോടും മിണ്ടാറില്ല, ആര് പറഞ്ഞാലും കേൾക്കാനുമാകില്ല. പക്ഷേ, ഇവർ ട്രാക്കിൽ ഇറങ്ങിയാൽ മെഡലോ ട്രോഫിയോ നേടിയിട്ടേ കരയ്ക്ക് കയറൂ. സംസ്ഥാന, ദേശീയ മീറ്റുകളിൽ ഇവർ വാരിക്കൂട്ടിയ ട്രോഫികളും മെഡലുകളും കൊണ്ട് ഇവരുടെ കൊച്ചുവീട് നിറഞ്ഞിരിക്കുകയാണ്. എഴുകുംവയൽ പുതുപ്പറമ്പിൽ സെബാസ്റ്റ്യൻ- റോസമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ ഇളയവരായ 30കാരൻ സിജുവും 26 കാരൻ ബൈജുവും ജന്മനാ ബധിരരും മൂകരുമാണ്. നിശബ്ദമായി കായികരംഗത്തിറങ്ങിയ ഇരുവരും ഇന്ന് നാടിന്റെ മണിമുത്തുകളാണ്. 16-ാമത് ദേശീയ ബധിര അത്ലറ്റിക് മീറ്റിൽ സ്വർണ്ണം നേടി കേരളത്തിന് തന്നെ അഭിമാനമായി ഇളയവനായ ബൈജു. തിരുവല്ല സ്‌പെഷ്യൽ സ്‌കൂളിൽ നിന്ന് സിജു ഡിഗ്രിയും ബൈജു പ്ലസ്ടുവും പാസായിട്ടുണ്ട്. ലോംഗ്ജംപിലും ഹൈജംപിലും സ്വർണ്ണവും 4x100 മീറ്റർ റിലേയിൽ വെള്ളിയും ട്രിപ്പിൾ ജംപിലും 4x100 മീറ്റർ റിലേയിലും വെങ്കലവും നേടിയാണ് ബൈജു താരമായത്. ജ്യേഷ്ഠൻ സിജുവിന് പ്രിയം ഓട്ടത്തോടാണ്. പാലക്കാട് നടന്ന സംസ്ഥാന മീറ്റിൽ രണ്ടാം സ്ഥാനത്തായതിനാലാണ് മുൻ ദേശീയ ചാമ്പ്യനായ സിജുവിന് ഇക്കുറി ദേശീയ മീറ്റിൽ പങ്കെടുക്കാനാകാതെ പോയത്. ബധിര മൂകരുടെ സംസ്ഥാന, ദേശീയ കായികമേളകളിൽ എല്ലാത്തവണയും നിറസാന്നിധ്യമാകാറുണ്ട് ഈ സഹോദരങ്ങൾ. തിരുവല്ല സ്‌പെഷ്യൽ സ്‌കൂളിൽ നിന്ന് സിജു ഡിഗ്രിയും ബൈജു പ്ലസ്ടുവും പാസായിട്ടുണ്ട്. ജിനുവാണ് സിജുവിന്റെ ഭാര്യ. ഒന്നര വയസ്സുകാരി അൽഫോൻസ ഏക മകളാണ്. കായികരംഗത്തെപ്പോലെ കരകൗശല നിർമ്മാണരംഗത്തും സിജുവും ബൈജുവും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ബധിര കായികമേളകിലെ മിന്നും താരങ്ങളാണെങ്കിലും നമ്മുടെ സ്‌പോർട്സ് വകുപ്പോ സർക്കാരോ ഇതുവരെ യാതൊരു സഹായവും ഇവർക്ക് നൽകിയിട്ടില്ല.