കട്ടപ്പന: സ്വരാജ് മറ്റപ്പള്ളി കാവടി കവലയ്ക്ക് സമീപം കാട്ടാന കൃഷി നശിപ്പിച്ചു. കാഞ്ചിയാർ റേഞ്ച് ഓഫീസിനു പരിധിയിൽ വരുന്ന പ്രദേശത്താണ് കാട്ടാനയുടെ ശല്യമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് കൃഷിയിടത്ത് കാട്ടാന എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫോറസ്റ്റ് വകുപ്പിന്റെ തേക്ക് പ്ലാന്റേഷനിൽ നിന്നാണ് ആന കൃഷിയിടത്തിലേക്കു പ്രവേശിച്ചത്. ഇതിനിടയിൽ വനം വകുപ്പു സ്ഥലത്തെ ഒരു പന ആന മറിച്ചിടുകയും,മാടത്താനിൽ തങ്കച്ചന്റെ കൃഷിയിടത്തിലേക്കിറങ്ങിയ കാപ്പി, വാഴ, കപ്പ തുടങ്ങി കൃഷിദേഘണ്ഡങ്ങൾ ചവിട്ടിമെതിച്ചു നശിപ്പിക്കുകയും ചെയ്തു.
നാട്ടുകാർ മുരിക്കാട്ടുകുടി സെക്ഷൻ ഓഫീസിൽ വിവരം അറിയിക്കുകയും കാഞ്ചിയാർ റേഞ്ച് ഓഫീസറുടെ നിർദേശ പ്രകാരം ഫോറസ്റ്റ് ഉദ്യോഗസ്ഥരായ റ്റി.കെ സതീഷ്, എസ്. ശ്രീജേഷ്, വിൻസെന്റ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പടക്കം പൊട്ടിച്ചും, ബഹളം കൂട്ടിയും ആനയെ വനത്തിലേക്കു തുരത്തുകയായിരുന്നു.