മൂന്നാർ: 15കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പിടിയിലായ 17കാരൻ എസ്.ഐ.യുടെ കൈവിരൽ കടിച്ചു മുറിച്ചു . മൂന്നാർ എസ്.ഐ അജേഷ് കെ. ജോണിന്റെ കൈവിരലാണ് തമിഴ്നാട് സ്വദേശിയായ പ്രതി കടിച്ചുമുറിച്ചത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇതിനു ശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓൺ ലൈനായി നഗ്ന വീഡിയോകളും ചിത്രങ്ങളും പകർത്തി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച കുട്ടിയെ വീഡിയോ ദൃശ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് മൂന്നാർ എസ്.ഐ. അജേഷ് കെ.ജോൺ, എസ്.സി.പി.ഒമാരായ ഡോണി, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്ന് ഇയാളെ പിടി കൂടി. എന്നാൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും സുഹൃത്തുക്കളും ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് എസ്.ഐയുടെ വിരൽ കടിച്ചു മുറിച്ചത്.പൊലീസ് സാഹസികമായി ഇയാളെ കീഴ്‌പ്പെടുത്തി മൂന്നാറിലെത്തിച്ചു. തുടർന്ന് തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.