തൊടുപുഴയിൽ ടൂറിസം വികസന പദ്ധതിക്ക് കളമൊരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ അമൃത പദ്ധതിയിൽപ്പെടുത്തി നഗര കാര്യ ആസൂത്രണ വിഭാഗം അഞ്ചു കോടി രൂപ അനുവദിച്ചതോടെയാണ് വിനോദസഞ്ചാര വികസനത്തിന് സാദ്ധ്യത തെളിയുന്നത്. തൊടുപുഴ പാലത്തിന് സമാന്തരമായി വീതിയേറിയ പുഴയിൽ സഞ്ചാരികൾക്കായി തൂക്കുപാലം ഉയരും . പുഴയോട് ചേർന്ന് മുനിസിപ്പൽ പാർക്കിന് സമീപത്തുനിന്ന് ഗാന്ധി സ്ക്വയറിലെ പഴയ ബസ്റ്റാൻഡിനടുത്ത് പുഴയുടെ തീരം വരെയാണ് തൂക്കുപാലം സ്ഥാപിക്കുവാൻ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. ഡി.പി.ആർ തയ്യാറാക്കുന്നതിന് ഒൻപതേകാൽ ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പഴയ ബസ് സ്റ്റാൻഡിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കും. ഇവിടെ പുഴയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് പൂച്ചെടികൾ നട്ടുവളർത്തി മനോഹരമാക്കും. സായാഹ്നങ്ങളിൽ പാർക്കിൽ എത്തുന്നവർക്കുംസഞ്ചാരികൾക്കും തൂക്കുപാലത്തിൽ നിന്ന് പുഴയുടെ ദൃശ്യഭംഗികൾ ആസ്വദിക്കാനും മറുകരയിൽ എത്തി ഓപ്പൺ സ്റ്റേജ് ഉൾപ്പെടുന്ന പുഴയോരത്തുകൂടെ നടന്ന് കാഴ്ചകൾ കാണാനും കഴിയുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. തൂക്കുപാലത്തിൽ അലങ്കാര ബൾബുകൾ സ്ഥാപിച്ച് കമനീയമാക്കും. നഗരത്തെ രണ്ടായി പകുത്ത് ഒഴുകുന്ന പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കും. ദീർഘദൂര സർവീസുകൾ അടക്കം കെ.എസ്ആർ .ടിസിയുടെ നിരവധി ബസ്സുകളും, 205 ഓളംസ്വകാര്യബസുകളും വന്നുപോകുന്ന ജില്ലയിലെ വികസിത പട്ടണത്തിൽ ബൈപ്പാസ്സുകൾ കേന്ദ്രീകരിച്ച് സിറ്റി സർവീസ്ബസ്സ് കൂടി ആരംഭിക്കണം എന്ന ആവശ്യം ശക്തമാണ്. പുഴയോര പാതയോട് ചേർന്ന് കുറഞ്ഞ ചെലവിൽ താമസ-ക്ഷണ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക്മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പം എത്തുവാനുള്ള മികച്ച നിലവാരത്തിലുള്ള ഗതാഗത സൗകര്യവും ഉണ്ട്. നഗരത്തിൻ്റെ ഹൃദയഭാഗത്തെ മൂനിസിപ്പൽ ഉദ്യാനം പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിൽ മോടി പിടിപ്പിക്കും. പഴയതും ഉപയോഗശൂന്യമായതുമായ കളിഉപകരണങ്ങൾ മാറ്റി സ്ഥാപിക്കും. മികച്ച നിലയിൽ ലാൻഡ്സ്സ്കേപ്പിംഗ് നടത്തി. പാർക്ക് മനോഹരമാക്കും.ഇവിടെ വെറുതെ കിടക്കുന്നസ്ഥലം കൂടി പ്രയോജനപ്പെടുത്തി നവീകരണ പ്രവർത്തനം നടത്തും. എസ്റ്റിമേറ്റ് തയ്യാറാക്കി തൂക്കുപാലത്തിന്റെയും ഉദ്യാനത്തിന്റെയും നിർമ്മാണം അടുത്ത സാമ്പത്തിക വർഷം ആരംഭത്തോടെനടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'പുഴയോര നടപ്പാത അനിവാര്യമാണ്. വിനോദസഞ്ചാരികളെ ആകർഷിക്കാനും ഇത് സഹായകമാകും. വാഹന സൗകര്യം ഇല്ലാത്ത ധാരാളം പ്രദേശങ്ങളിലെ താമസക്കാർക്കും ജോലിക്കാർക്കും നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനും സിറ്റി ബസ് സർവീസ്അത്യന്താപേക്ഷിതമാണ്.

സബീന ബിഞ്ചു

ചെയർ പേഴ്സൺ

തൊടുപുഴ നഗരസഭ

എം .ജിനദേവൻ സ്മാരക പാർക്ക്സ്ഥാപിക്കും

കോലാനി നടുക്കണ്ടത്ത് അമൃത് പദ്ധതിയോട് അനുബന്ധിച്ച് എം ജിനദേവന്റെ പേരിൽ മുനിസിപ്പൽ പാർക്ക് സ്ഥാപിക്കും. 75 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അര ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് ആധുനികരീതിയിൽ ഉദ്യാനം നിർമ്മിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായവിവിധ വിനോദോപാധികളും കളി ഉപകരണങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഉൾപ്പെടുന്ന ഉൾപ്പെടുന്ന പാർക്കിൻ്റെ നിർമ്മാണം മാർച്ചിൽ തുടങ്ങുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.