kalayan
ശുചിത്വ മത്സരത്തിലെ വിജയികൾക്ക് കലയന്താനി സെയ്ന്റ് ജോർജസ് ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകൻ ഫാ. ആന്റണി പുലിമലയിൽ സമ്മാനങ്ങൾ നൽകുന്നു

തൊടുപുഴ :ക്ലാസ് മുറികളിലും പരിസരത്തും വൃത്തിയും വെടിപ്പും ഉറപ്പാക്കാൻ നടപ്പാക്കിയ ആശയം ക്ലിക്ക് ആയതിന്റെ സന്തോഷത്തിലാണ് കലയന്താനി സെയ്ന്റ് ജോർജസ് ഹൈസ്‌കൂൾ അധികൃതർ. പ്രഥമാദ്ധ്യാപകൻ ഫാ. ആന്റണി പുലിമലയിലും സഹപ്രവർത്തകചേർന്നാണ് ശുചിത്വ മത്സരം കുട്ടികൾക്കായി നടപ്പാക്കിയത്.ആവേശത്തോടെ അതേറ്റെടുത്ത കുട്ടികൾ ശുചിത്വത്തിനായി മത്സരിച്ച് സമ്മാനം നേടി.സ്‌കൂൾ മാലിന്യമുക്തമായി.കാണുന്നവരുടെ മനസ്സിലെല്ലാം നന്മയുടെ പച്ചപ്പ് നൽകുന്ന ഈ സ്‌കൂളിനെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുകയാണ് ആലക്കോട് പഞ്ചായത്തും ഹരിതകേരളം മിഷനും.ഹരിത കേരളം മിഷൻ ടീം നടത്തിയ വിലയിരുത്തലിൽ നൂറിൽ നൂറ് മാർക്കും നേടിയാണ് സ്‌കൂൾ ഹരിതമായത്.

സ്വന്തമായി പച്ചക്കറിത്തോട്ടം, പൂന്തോട്ടം,മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറൽ... സ്‌കൂളിൽ എല്ലാം ഭദ്രമാണ്. ഇടയ്ക്ക് ഹരിത കർമ്മ സേനാംഗങ്ങൾക്കൊപ്പം കുട്ടികളെ പാഴ് വസ്തുശേഖരിക്കുന്നതിന് വീടുകളിലേയ്ക്കും വിടാറുമുണ്ട്.ഇതെല്ലാം മനസ്സിനെയും പരിസരത്തെയും മാലിന്യ മുക്തമാക്കാനുള്ള ഫാ. ആന്റണിയുടെ കുറുക്കുവഴികൾ.സ്‌കൂൾ എപ്പോഴും വൃത്തിയായിരിക്കണമെന്ന നിർബന്ധമുള്ളയാളാണ് ഫാ. ആന്റണി . പൊതുവിൽ സ്‌കൂളും പരിസരവുമൊക്കെ വൃത്തിയാണെങ്കിലും സർക്കാരിന്റെ ഹരിത വിദ്യാലയ പദ്ധതിയൊക്കെ വരുന്നതിനാൽ എല്ലാം പക്കാ ആയിരിക്കണണമെന്ന് ഇദ്ദേഹം തീരുമാനിച്ചു.തുടർന്നാണ് ശുചിത്വ മത്സരം വന്നത്.

കുട്ടികൾ ക്ലാസുകൾ തിരിഞ്ഞ് മൽസരിച്ചു. അദ്ധ്യാപകരും മറ്റ് ജീവനക്കാരും ഒരേ മനസ്സോടെ കൂടെ നിന്നു.പദ്ധതി വൻ വിജയമായി. വിധികർത്താക്കൾ ശുചിത്വ മാനദണ്ഡമനുസരിച്ച് ക്ലാസ് മുറികളുടെ വൃത്തിയും ശുദ്ധിയും കുട്ടികൾ പോലുമറിയാതെ ദിവസവും നിരീക്ഷിച്ച് രേഖപ്പെടുത്തി.ദിവസവും പത്ത് മാർക്ക് വീതമായിരുന്നു.പതിനഞ്ച് ദിവസമാകുമ്പോൾ സ്‌കോറിൽ ഏതു ക്ലാസാണ് മുമ്പിലെന്ന് സ്‌കൂൾ അസംബ്ലിയിൽ അറിയിക്കും. മാസാവസാനം വിജയികളെ മാർക്ക് സഹിതം പ്രഖ്യാപിക്കും.വിജയികൾക്ക് ഫാൻ പോലെ വിലയുള്ള സമ്മാനങ്ങളാണ് ലഭിക്കുക.സ്‌കൂളിലെ എല്ലാ ജീവനക്കാരും ഒത്തുചേർന്നാണ് സമ്മാനം വാങ്ങി നൽകുന്നത്.ദിവസവും ക്ലാസ് അവസാനിക്കുന്നതിന് മുമ്പ് അഞ്ച് മിനിറ്റ് സമയം കുട്ടികൾക്ക് ക്ലാസ് വൃത്തിയാക്കാം. അതു കൂടി വിലയിരുത്തിയാകും മാർക്കിടുക.സ്‌കൂൾ അസംബ്ലിയിലാണ് സമ്മാനദാനം നടക്കുക. കഴിഞ്ഞ മാസത്തെ ക്ലാസ് വിജയികൾക്ക് ഫാ.ആന്റണി സമ്മാനങ്ങൾ നൽകി.