തൊടുപുഴ : ഓലിക്കാമറ്റം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ഇന്ന് രാവിലെ ഗുരുപൂജ, ശാന്തി ഹവനം, ഗണപതിഹോമം, ഗുരുദേവകൃതികളുടെ പാരായണം, കലശപൂജ, സർവ്വൈശ്വര്യപൂജ എന്നിവ നടക്കും. രാവിലെ 11.30ന് ശാഖാപ്രസിഡന്റ് എം. ജി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. മഹാദേവാനന്ദ സ്വാമികൾ (ശിവഗിരി മഠം)അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ കൺവീനർ പി. ടി. ഷിബു മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘംയൂണിയൻ പ്രസിഡന്റ് ഗീത ബാബുരാജ്, യൂണിയൻ സെക്രട്ടറി അജിത ഷാജി, യൂണിയൻ കമ്മറ്റിയംഗം കെ. ആർ. ഷാജി, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് രേഖ അനീഷ് എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി എ. കെ. ശശി സ്വാഗതവും വൈ. പ്രസിഡന്റ് അനീഷ് തങ്കപ്പൻ നന്ദിയും പറയും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്.