ചെറുതോണി: തൊടുപുഴയിൽ നിന്നും ചെറുതോണിക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്കുനേരെ പീഡനശ്രമം. ഇന്നലെ ഉച്ച കഴിഞ്ഞ് 3.45 ടെ പൈനാവിൽ നിന്നും ബസിൽ കയറിയ കോളജ് വിദ്യാർത്ഥിനിയെയാണ് തോപ്രാംകുടി സ്വദേശിയായ മധ്യവയസ്‌കൻ അപമാനിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബസ് ജീവനക്കാരോട് പരാതിപ്പെട്ടു. തുടർന്ന് ബസ് ഇടുക്കി പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പോലീസിന് കൈമാറി. വിദ്യാർത്ഥിനി രേഖാമൂലം പരാതി നൽകാത്തതിനാൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.