naveen-

തൊടുപുഴ: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് ആറുവർഷം കഠിന തടവും 50,000 രൂപ പിഴയും. തേനി ഉതുമപാളയം ഗുഡലൂർ വില്ലേജിൽ വാർഡ് നാലിൽ പുതുക്കോളനി വീട്ടിൽ നവീൻകുമാറിനെ(41)യാണ് തൊടുപുഴ എൻ.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി കെ .എൻ ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവുണ്ട്. 2018 ആഗസ്റ്റ് 12നാണ് മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുനിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 9കിലോ കഞ്ചാവുമായി പ്രതി പിടിയിലാകുന്നത്. മുണ്ടക്കയം എസ്‌ഐ ആയിരുന്ന കെ സന്തോഷ് കുമാറും സംഘവും ചേർന്ന് പിടിച്ച കേസ് എസ്എച്ച്ഒ വി ഷിബു അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി .രാജേഷ് ഹാജരായി.