തൊടുപുഴ: വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ കെഎസ്ഇബിയുടെ മീറ്ററിംഗ് പാനലിൽ പൊട്ടിത്തെറി. ഇതെ തുടർന്ന് ഇന്നു മുതൽ മൂന്നു ദിവസം തൊടുപുഴ നഗരസഭ, കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും. 11 കെവി ലൈനിൽ നിന്നും വൈദ്യുതിയെത്തുന്ന ട്രാർസ്‌ഫോർമറിനു സമീപത്തെ മീറ്ററിംഗ് പാനൽ ബോർഡിലാണ് പൊട്ടിത്തെറിയുണ്ടായത്. വൈദ്യുതി ബോർഡ് അധികൃതരെത്തി തകരാർ പരിഹരിച്ചതിനു ശേഷമെ ജല വിതരണം പുനസ്ഥാപിക്കാനാകു. മൂന്നു ദിവസം ജല വിതരണം മുടങ്ങുന്നത് നഗരത്തിലും ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാക്കിയേക്കും. ഏതാനും മാസം മുമ്പ് വാട്ടർ അഥോറിറ്റിയുടെ മൂപ്പിൽക്കടവ് പാലത്തിനു സമീപത്തെ വാട്ടർ ടാങ്കിലും സമാന രീതിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. അറ്റകുറ്റപ്പണി വൈകിയതു മൂലം ഏതാനും ദിവസം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.