pg
പി.ജി. ഗോപാലകൃഷ്ണൻ നായർ

തൊടുപുഴ: ഇടുക്കി ശിശുക്ഷേമ സമിതി ചെയർമാനായിരുന്ന പി.ജി. ഗോപാലകൃഷ്ണൻ നായരുടെ ശക്തമായ ഇടപെടൽ മൂലമാണ് ഷെഫീഖിനെ ഈ അവസ്ഥയിലെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചത്. 2013 ജൂലായ് 15ന് രാത്രി എഴിന് ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ പി.ജി. ഗോപാലകൃഷ്ണൻ നായരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് വിളിച്ചറിയിച്ചതോടെയാണ് ഷെഫീഖിന്റെ ദുരവസ്ഥ പുറംലോകമറിയുന്നത്. ഉടൻ തന്നെ പൊലീസിനെയും ചൈൽഡ് ലൈനെയും അദ്ദേഹം ആശുപത്രിയിൽ നിയോഗിച്ചു. പിറ്റേ ദിവസം തന്നെ ഗോപാലകൃഷ്ണൻ നായർ ആശുപത്രിയിലെത്തി ഷെഫീഖിനെ കണ്ട് ദുരവസ്ഥ നേരിട്ടു മനസിലാക്കി. ഉടൻ കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം മുഖേന സർക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സാമൂഹ്യനീതി മന്ത്രി എം.കെ. മുനീറും വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കട്ടപ്പനയിലേക്ക് പ്രത്യേക ആരോഗ്യസംഘത്തിനെ തന്നെ സർക്കാർ അയച്ചു. 26 ദിവസത്തിന് ശേഷം കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് അയച്ചതും ഗോപാലകൃഷ്ണൻ മുൻകൈയെടുത്തായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിന് ശേഷം മാസത്തിലൊരിക്കലെങ്കിലും ഷെഫീഖിനെ ഗോപാലകൃഷ്ണൻ സന്ദർശിക്കുമായിരുന്നു. 2018ലാണ് ഗോപാലകൃഷ്ണൻ ശിശുക്ഷേമ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.

ശക്തമായ നിയമ സംവിധാനം ഉണ്ടെന്ന് തെളിഞ്ഞു

'കുട്ടികളുടെ മേൽ അതിക്രമം ഉണ്ടായാൽ അതിശക്തമായ നിയമ സംവിധാനം ഉണ്ടെന്ന് തെളിഞ്ഞു. ഷെഫീഖ് വധശ്രമ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും കോടതി നൽകിയ ശിക്ഷയിൽ നൂറു ശതമാനം സംതൃപ്തിയുണ്ട്. കുഞ്ഞുങ്ങളുടെ മേൽ പല രീതികളിലുള്ള ക്രൂരതകൾ ഉണ്ടായാൽ ഇത്തരത്തിലുള്ള വലിയ നിയമ സംവിധാനങ്ങൾ ഉണ്ടെന്ന് ഇതിന് മുൻപ് സമാനമായ ധാരണകൾ സമൂഹത്തിന് ഉണ്ടായിരുന്നില്ല. ഷെഫീഖ് കേസിലെ വിധി ഏവരെയും ബോധവത്ക്കരിക്കുന്ന ഒന്നാകും. കുഞ്ഞുങ്ങളെ അനാവശ്യമായി അതിക്രമിക്കുന്നത് തടയാൻ ഏവരും ഈ വിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളണം. അതിന് ഷെഫീഖിന്റെ ഇപ്പോഴത്തെ ജീവിതം ഏവർക്കും ഒരു പുനർചിന്ത നൽകണം."

-ജില്ലാ മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ജി ഗോപാലകൃഷ്ണൻ