mni
ഹരിതകേരളം മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ട ജില്ലാ തല ഉദ്ഘാടനം പൂപ്പാറയിൽ പന്നിയാർ പുഴയുടെ ശുചീകരണത്തിന് തുടക്കമിട്ട് എം.എം. മണി എം. എൽ. എ. നിർവഹിക്കുന്നു.

ശാന്തമ്പാറ: മാലിന്യ മുക്തം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ' ഇനി ഞാൻ ഒഴുകട്ടെ ' പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ജില്ലാ തല ഉദ്ഘാടനം ശാന്തൻപാറ പഞ്ചായത്തിലെ പൂപ്പാറയിൽ എം.എം. മണി എം. എൽ. എ. നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് അദ്ധ്യക്ഷനായിരുന്നു. പൂപ്പാറ പന്നിയാർ പുഴ ശുചീകരിച്ചുകൊണ്ടാണ് ജില്ലയിൽ ഇനി ഞാൻ ഒഴുകട്ടെ പുഴ പുനരുജ്ജീനവ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്ത് പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കും.ഒഴുക്കും സുഗമമാക്കും.പുഴ മലിനമാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.പുഴയിലേയ്ക്ക് ഒഴുക്കിവിടുന്ന മലിനജലം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ശുചിത്വ മിഷന്റെ ഫണ്ടുപയോഗിച്ച് സജ്ജമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. 500 പേർ പന്നിയാർ പുഴയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. അജയ് പി.കൃഷ്ണ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ബ്ലോക്ക് അംഗം എൻ.ആർ. ജയൻ, വാർഡംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപരികൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഹരിത വിദ്യാലയ, സ്ഥാപന പ്രഖ്യാപനവും മനടത്തി.മാതൃകാ ഹരിത കലാലയത്തിനുള്ള സർട്ടിഫിക്കറ്റ് ശാന്തൻപാറ ഗവ. ആർട് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ മാധവൻ നമ്പൂതിരി സ്വീകരിച്ചു.