തൊടുപുഴ: കേരളത്തിലെ കുട്ടികൾക്ക് വേണ്ടി സ്വന്തം ജീവിതം കൊണ്ട് വലിയ ഇതിഹാസം രചിച്ചയാളാണ് ഷെഫീഖ്. ഷെഫീഖിന് ദുരനുഭവമുണ്ടായി മൂന്ന് മാസത്തിനകം അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി കുട്ടികളുടെ സംരക്ഷണത്തിനും അവകാശത്തിനും വേണ്ടി തയ്യാറാക്കിയ റപ്പോർട്ട് ശിശുക്ഷേമ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിവച്ചത്. ഈ റപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് പ്രൊട്ടക്ഷൻ പ്രോട്ടോകോൾ പോലും രൂപീകരിക്കുന്നത്. ബാലാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങളും ഷെഫീഖ് കമ്മിറ്റി റപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു. കുട്ടികൾ പീഡനങ്ങൾ നേരിടുന്നുണ്ടോ എന്നറിയാൻ സ്‌കൂളുകളിൽ കൗൺസിലിംഗ് ശക്തമായതും ഇതോടെയാണ്. കുട്ടികളുടെ സംരക്ഷണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, പഞ്ചായത്ത് മെമ്പർമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സാമൂഹിക നിതീ വകുപ്പ് എന്നിവരുടെ ചുമതല എന്താണെന്ന് ഈ റപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. ഇതോടെ കുഞ്ഞുങ്ങളുടെ സുരക്ഷ കുടുംബത്തിന്റെ മാത്രമല്ല അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമായി. എന്നാൽ റപ്പോർട്ടന്മേൽ കാര്യമായ തുടർനടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.