shereef

തൊടുപുഴ: അഞ്ച് വയസുകാരനായ ഷെഫീഖിനെ മർദ്ദിച്ച് മൃതപ്രായനാക്കിയ അച്ഛന് ഏഴു വർഷവും രണ്ടാനമ്മയ്ക്ക് പത്തുവർഷവും കഠിന തടവ് ശിക്ഷ വിധിച്ചു.

ഒന്നാം പ്രതിയായ അച്ഛൻ കുമളി ഒന്നാംമൈൽ പുത്തൻപുരക്കൽ ഷെരീഫ് 50,000 രൂപയും

രണ്ടാം പ്രതിയായ അനീഷ രണ്ട് ലക്ഷം രൂപ

പിഴയൊടുക്കാനും മുട്ടം ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ്‌ കോടതി ജഡ്ജ് ആഷ് കെ.ബാൽ ഉത്തരവിട്ടു.

പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. ഒന്നാം പ്രതിക്ക് ഐ.പി.സി 326, 323, ജുവനൈൽ ജസ്റ്റിസ് ആക്ട് 23 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. രണ്ടാം പ്രതിക്കെതിരെ ഈ കുറ്റങ്ങൾക്ക് പുറമേ വധശ്രമം (ഐ.പി.സി 307) കൂടിയുണ്ട്.

11 വർഷം മുമ്പ് 2013ലാണ് സംഭവം. 2015 ജൂൺ 30നാണ്‌ പൊലീസ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2022 മേയ് 23നാണ് വിചാരണ ആരംഭിച്ചത്. മെഡിക്കൽ തെളിവുകളും സാഹചര്യ തെളിവുകളുമാണ്‌ നിർണായകമായത്. 28 സാക്ഷികൾ ഉണ്ടായിരുന്നു. 17 പേരെയാണ് വിസ്തരിക്കാനായത്. ഷെഫീഖ് കഴിയുന്ന പെരുമ്പിള്ളിച്ചിറ അൽ-അസ്ഹർ മെഡിക്കൽ കോളേജിൽ ജഡ്ജി നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്‌ വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ്. രാജേഷാണ് ഹാജരായത്.

സമാനതകളില്ലാത്ത

ക്രൂരത

2013 ജൂലായ് 15 നാണ്‌ ക്രൂരമായി മർദ്ദിച്ചത്. അബോധാവസ്ഥയിലായപ്പോൾ പ്രതികൾ ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വീണ് പരിക്കേറ്റെന്നായിരുന്നു പറഞ്ഞത്. പരിശോധിച്ച ഡോ. നിഷാന്ത്‌ പോൾ ക്രൂര മർദ്ദനത്തിന്റെ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. കുമളി പൊലീസ് കേസെടുത്തു. ഇടത് കാൽമുട്ട് ഇരുമ്പ് പൈപ്പു കൊണ്ട് അടിച്ചൊടിച്ചൊടിക്കുകയും നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് കണ്ടെത്തി. രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയിൽ ഇടിച്ചു. സ്റ്റീൽ കപ്പുകൊണ്ട് പൊള്ളിച്ചു.

ഇപ്പോഴും നിൽക്കാനാവില്ല

വീൽച്ചെയറിൽ ഷെഫീഖ്

അൽ അസർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിൽ അവിടെത്തന്നെയാണ് 16 വയസായ ഷെഫീഖ് കഴിയുന്നത്. ഇപ്പോഴും എഴുന്നേറ്റ് നിൽക്കാനാകില്ല. വീൽചെയറിലാണ് ജീവിതം. ബുദ്ധി വികാസവും കുറവ്. അവ്യക്തമായി സംസാരിക്കും. ഇത് ആയ രാഗിണിക്ക് മാത്രമാണ് മനസിലാകുക. തലയ്ക്ക് ക്ഷതമേറ്റതിനാൽ വലത് കൈയ്ക്ക് സ്വാധീനമില്ല. ഇടത് കൈ അനക്കും. സന്തോഷം വന്നാൽ നന്നായി ചിരിക്കും. സിനിമയും കാർട്ടൂണുമാണ് ഇഷ്ടവിനോദം. വണ്ടികൾ ഏറെ ഇഷ്ടമുള്ള ഷെഫീഖിന്റെ ഇഷ്ടവാഹനം ആംബുലൻസാണ്.