തൊടുപുഴ: ഷെഫീഖ് വധശ്രമക്കേസ് അത്യപൂർവമായ കേസായിരുന്നതിനാൽ തന്നെ അതിലെ നടപടിക്രമങ്ങളും ഏറെ പ്രത്യേകതയുള്ളതായിരുന്നു. പരിക്ക് പറ്റിയ ഷെഫീഖിന് കോടതിയിൽ വരാനോ തെളിവ് കൊടുക്കാനോ സാധിക്കാത്തതിനാൽ ജഡ്ജി ആശുപത്രിയിൽ നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് അന്തിമ വിധി തയ്യാറാക്കിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ തികച്ചും സാഹചര്യ തെളിവുകളുടെയും മെഡിക്കൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ. പല സാക്ഷികളെയും കണ്ടെത്താനായില്ല. ഒന്നു രണ്ടു പേർ മരണപ്പെട്ടു. ചിലർ കിടപ്പു രോഗികളായി. 17 സാക്ഷികളെയാണ് വിസ്തരിക്കാനായത്. ചിലരെ വീടുകളിൽ ചെന്നാണ് വിസ്തരിച്ചത്. ഇതെല്ലാം വെല്ലുവിളികളായിരുന്നു. രണ്ടാം പ്രതി അനീഷയുടെ അമ്മ ഇവർക്കെതിരെ മൊഴിനൽകിയത് നിർണായകമായി. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ ഡോ. നിഷാന്ത്‌പോൾ, വെല്ലൂർ ആശുപത്രിയിലെ ഡോക്ടർ ജോർജ് തര്യൻ എന്നിവരുടെ മൊഴികളും പ്രധാനമായി. നിരന്തരമായ ശാരീരിക ഉപദ്രവത്തിലൂടെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശമായിരുന്നു പ്രതികൾക്ക്. അടുക്കളയും ഒരു കിടപ്പുമുറിയും മാത്രമുണ്ടായിരുന്ന വീട്ടിലായിരുന്നു ഇവരുടെ താമസം. തങ്ങളുടെ സ്വകാര്യ ജീവിതത്തിന് കുഞ്ഞ് തടസമായതിനാലാണ് ഇല്ലാതാക്കാൻ ശ്രമിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
'വിധിയിൽ സംതൃപ്തിയുണ്ട്. ഷെഫീഖിന് നീതി കിട്ടിയെന്ന് വിശ്വസിക്കുന്നു. ജീവപര്യന്തമാണ് പരമാവധി കൊടുക്കാമായിരുന്ന ശിക്ഷ. പ്രതികളുടെ ജീവിത സാഹചര്യങ്ങളും മറ്റ് മക്കളുള്ളതും കോടതി പരിഗണിച്ചിരിക്കാം. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് ജീവപര്യന്തമാണ്. അതിന് അടുത്തുള്ള ശിക്ഷ തന്നെയാണിത്."
-അഡ്വ. പി.എസ്. രാജേഷ് (പബ്ലിക് പ്രോസിക്യൂട്ടർ)