
തൊടുപുഴ: ക്രൂരമായി പീഡിപ്പിച്ച് ജീവച്ഛവമാക്കിയ പിതാവിനും രണ്ടാനമ്മയ്ക്കുമെതിരായ ശിക്ഷാവിധി വരുമ്പോൾ അൽ- അസ്ഹർ മെഡിക്കൽ കോളേജിലെ അമ്മത്താരാട്ട് മുറിയിൽ പോറ്റമ്മയുടെ സ്നേഹത്തലോടലിലാണ് ഷെഫീഖ്.
ക്രൂരമായ പീഡന ശേഷം പ്രായത്തിന് അനുസരിച്ചുള്ള ബുദ്ധി വളർച്ച കിട്ടാതെപോയി ഷെഫീഖിന്. നൊന്തു പ്രസവിച്ചതല്ലെങ്കിലും ആയയായ രാഗിണിയെ ഷെഫീഖ് അമ്മയെന്നാണ് വിളിക്കുന്നത്. ഒരു പതിറ്റാണ്ട് കഴിഞ്ഞ് വന്ന വിധിയിൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കാത്തതിൽ രാഗിണിക്ക് വിഷമമുണ്ട്. ഇത്രയും ക്രൂരമനസുള്ളവർക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെന്ന നിലപാടാണ് ഈ അമ്മയ്ക്ക്.
കളിച്ചു ചിരിച്ച് നടക്കേണ്ട കുട്ടിയുടെ ഓരോ ദിവസും ആരംഭിക്കുന്നതും അവസാനിക്കുന്നതും തന്റെ കൈകളിലാണ്. അവൻ ഒന്ന് എണീറ്റ് നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാത്ത ദിവസങ്ങളില്ല- കണ്ണീർ തുടച്ച് രാഗിണി പറഞ്ഞു.
ഷെഫീഖിനെ നോക്കാനുള്ളതിനാൽ രാഗിണി വിവാഹം പോലും കഴിച്ചില്ല. ഉറ്റവരെയും ഉടയവരെയും വിട്ടാണ് രാഗിണി ഷെഫീഖിനെ പരിചരിക്കുന്നത്. വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങാൻ പലരും നിർബന്ധിച്ചു. അപ്പോഴൊക്കെ ഷെഫീഖിന്റെ മുഖം മാത്രമാണ് മനസ്സിൽ തെളിഞ്ഞത്. പിന്നെ മറിച്ചൊന്നും ചിന്തിക്കാനായില്ല.
എന്റെ കുഞ്ഞ് നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് ഒരിക്കൽപോലും അവനോട് സംസാരിച്ചിട്ടില്ല. ഒരായുഷ്‌കാലത്ത് അനുഭവിക്കാനുള്ളത് മുഴുവൻ അവൻ ഈ ചെറിയ കാലയളവിൽ അനുഭവിച്ചു കഴിഞ്ഞു. ഒരു വാക്കുക്കൊണ്ടോ നോക്കുകൊണ്ടോ എന്റെ കുഞ്ഞിനെ ആരും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. മകന് നീതി നേടിക്കൊടുത്തതിൽ കോടതിയോടും സർക്കാരിനോടും അൽ അസ്ഹർ ഗ്രൂപ്പിനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും രാഗിണി പറഞ്ഞു.
അങ്കണവാടി ആയയായിരുന്ന രാഗിണിയുടെ കൈയിൽ ഷെഫീഖിനെ സാമൂഹ്യനീതി വകുപ്പ് ഏല്പിക്കുന്നത് 2013ലാണ്. അന്നുമുതൽ തൊടുപുഴ അൽ അസ്ഹർ ആശുപത്രി മുറിയിലാണ് ഇരുവരും. വാഗമൺ കോലാഹലമേട് സ്വദേശിയാണ് രാഗിണി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരിഹരന്റെ മകൾ. നാലു സഹോദരങ്ങളുണ്ട്. 32-ാം വയസിലാണ് ഷെഫീഖിന്റെ സംരക്ഷണം ഏറ്റെടുത്തത്. ഇപ്പോൾ പ്രായം 43.