കട്ടപ്പന: സഹകരണ മേഖലയിൽ നിക്ഷേപം തിരികെ കിട്ടാതെ നടക്കുന്ന ഓരോ ആത്മഹത്യയുടെയും ധാർമ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ കാര്യത്തിൽ സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ടെന്നും ഒരാൾ പോലും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകണം. സംസ്ഥാനത്തെ സാധാരണ സഹകരണ സ്ഥാപനങ്ങളുടെ ആശ്രയകേന്ദ്രമായിരുന്ന ജില്ലാ ബാങ്കുകൾ പിരിച്ചുവിട്ട് കേരള ബാങ്കിൽ ലയിപ്പിച്ചതിന്റെ ദുരന്ത ഫലങ്ങളാണ് ഈ ആത്മഹത്യകൾ. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് സമയബന്ധിതമായ സഹായം കിട്ടാതെ അനാഥത്വം അനുഭവിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നിക്ഷേപങ്ങൾ തിരിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ വരുമ്പോൾ നിക്ഷേപകരെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന പ്രവണതയും നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.