കട്ടപ്പന: കട്ടപ്പനയിലെ വ്യാപാരിയും കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ സഹകാരിയുമായ മുളങ്ങാശേരിൽ സാബുവിന്റെ വിയോഗത്തിൽ ഭരണസമിതി അനുശോചിച്ചു. സൊസൈറ്റിയുമായി ഒരുപതിറ്റാണ്ടിലേറെയായി ഇടപാടുകൾ നടത്തിയിരുന്ന നിക്ഷേപകനാണ് സാബു. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് ഭരണസമിതി. സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതൽ സംഘത്തിൽ ഇടപാടുകൾ നടത്തിവന്നിരുന്നു. 2020 വരെയുള്ള കാലയളവിൽ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണിൽ മുഴുവൻ തുകയും പിൻവലിച്ചു. പിന്നീടുള്ള മാസങ്ങളിൽ പലതവണയായി 90 ലക്ഷം രൂപ സംഘത്തിൽ നിക്ഷേപിച്ചിരുന്നു. ഇതിൽനിന്ന് 2023 ഒക്‌ടോബറിൽ 35 ലക്ഷം രൂപ പിൻവലിച്ചു. തുടർന്നുള്ള മാസങ്ങളിൽ പലപ്രാവശ്യമായി 10 ലക്ഷം, 5 ലക്ഷം, 3ലക്ഷം, 1.5 ലക്ഷം എന്നീ തുകകളും പിൻവലിച്ചു. നിലവിൽ ബാക്കിയുള്ള 12 ലക്ഷത്തോളം രൂപ ഓരോമാസവും തവണകളായി നൽകാമെന്ന് സംഘവുമായി ധാരണയുണ്ടായിരുന്നു. കഴിഞ്ഞ 12, 16 തീയതികളിലായി 1,20,000 രൂപയും നിക്ഷേപത്തിൽനിന്ന് നൽകിയിട്ടുണ്ട്. മികച്ച സഹകാരിയായ സാബുവിന്റെ അപ്രതീക്ഷിത വിയോഗം ദൗർഭാഗ്യകരമാണ്. ജീവനക്കാരുമായി നല്ല ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. കാർഷിക, വ്യാപാര മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് 20 കോടിയിലേറെ രൂപയാണ് സംഘത്തിന് വായ്പ ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സഹകാരികളുമായി സംഘം മികച്ച ബന്ധത്തിലാണ് മുന്നോട്ടുപോകുന്നതെന്നും സൊസൈറ്റി പ്രസിഡന്റ് എം ജെ വർഗീസ്, സെക്രട്ടറി റെജി എബ്രഹാം മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ പറഞ്ഞു.