തൊടുപുഴ: വിധിയിൽ സന്തോഷമുണ്ടെന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ന്യൂറോ സർജനായിരുന്ന ഡോ. നിഷാന്ത് പോൾ. ഷെഫീഖിന് നേരെയുണ്ടായ ക്രൂരത സമൂഹത്തിനു മുന്നിലെത്തിച്ചത് ഡോ. നിഷാന്ത് പോളിന്റെ ഇടപെടലായിരുന്നു. ബാലാവകാശ നിയമം സംസ്ഥാനത്ത് ശക്തിപ്പെടാനും ഇത്തരം കുറ്റകൃത്യങ്ങൾ പുറത്തേയ്‌ക്കെത്തിക്കുന്നതിനും ഷെഫീഖിന്റെ കേസ് കാരണമായി. കുട്ടി വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് ഷെഫീക്കിനെ പിതാവ് ഷെരീഫ് ആശുപത്രിയിലെത്തിക്കുന്നത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ പരിശോധിച്ചപ്പോൾ തന്നെ ശരീരത്തേറ്റ പരിക്കുകളിൽ സംശയം തോന്നി. തുടർന്ന് വിവരം ശിശുക്ഷേമ സമിതി അധികൃതർക്കും ഇവർ പൊലീസിനും കൈമാറുകയുമായിരുന്നു. തുടർന്നാണ് ക്രൂര സംഭവം വെളിച്ചത്തു വന്നത്. ആശുപത്രിയിൽ കുട്ടിയെ എത്തിക്കുമ്പോൾ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നെന്ന് ഡോ. നിശാന്ത് പോൾ പറഞ്ഞു. തലച്ചോറിനേറ്റ പരിക്ക് ശരീരത്തിന്റെ ചലന ശേഷി നഷ്ടമാക്കിയിരുന്നു. രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ തന്നെ ചികിത്സ നൽകിയതോടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താനുള്ള സാദ്ധ്യതയെങ്കിലും ലഭിച്ചത്. ഏതാനും വർഷം മുമ്പ് ഷെഫീക്കിനെ അൽ- അസ്ഹർ ആശുപത്രിയിലെത്തി കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊച്ചിയിൽ ജോലി ചെയ്യുകയാണ് ഡോ. നിശാന്ത് പോൾ.