അടിമാലി: ദേവികുളം താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിൽ 131 പരാതികളിൽ തീരുമാനമെടുത്തു. അടിമാലി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച . അദാലത്ത് ദിവസം 69 പരാതികളിൽ മന്ത്രിമാർ നേരിട്ടും 62 പരാതികളിൽ വകുപ്പ് തലത്തിലുമാണ് തീരുമാനമെടുത്ത് മറുപടി നല്കിയത്. നേരത്തേ 190 അപേക്ഷകൾ ലഭിച്ചിരുന്നു. അദാലത്തിൽ പുതുതായി 123 അപേക്ഷകൾ ലഭിച്ചു. ആകെ 313 അപേക്ഷകൾ. ഇതിനു പുറമേ 13 പേർക്ക് അദാലത്ത് വേദിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
എ .എ .വൈ കാർഡ്
സ്വന്തമാക്കി പത്ത്പേർ
'എനിക്ക് മൂന്ന് തവണ ഹൃദയാഘാതം വന്നതാണ്. എനിക്കും ഭർത്താവിനും രോഗങ്ങൾ കാരണം തൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥയും. എന്നാൽ ഇന്ന് വളരെയധികം സന്തോഷവും നന്ദിയും ഉണ്ട്. അന്ത്യോദയ അന്നയോജന കാർഡിന് ഞാൻ നൽകിയ അപേക്ഷ ഉടനെ പരിഗണിച്ച് എനിക്ക് കാർഡനുവദിച്ചതിന്'. സഹകരണ മന്ത്രി വി.എൻ വാസവനിൽ നിന്ന് എ എ വൈ കാർഡ് ഏറ്റുവാങ്ങുമ്പോൾ അടിമാലി സ്വദേശി ഓമനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഓമനയ്ക്ക് മാത്രമല്ല, അവരുൾപ്പെടെ പത്ത് പേർക്കാണ് കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി ദേവികുളം താലൂക്ക് അദാലത്തിൽ അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകൾ വിതരണം ചെയ്തത്. കുടുംബത്തിന് കിട്ടിയ ഏറ്റവും വലിയ സഹായമായാണ് ഓമനയും ബാക്കിയുള്ളവരും ഇതിനെ കാണുന്നത്. ഏറെ ആഗ്രഹിച്ച എ എ വൈ കാർഡുകൾ അദാലത്തിൽ നിന്ന് സ്വന്തമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തോടെയാണ് എല്ലാവരും മടങ്ങിയത്.
അശ്വതി, മാങ്കുളം, രാജകുമാരൻ, ഇടമലക്കുടി, സുമതി, പടിക്കപ്പ്, അടിമാലി , ആതിര ശശി, പടിക്കപ്പുകുടി, അടിമാലി , അശ്വതി, ലോവർ ഡിവിഷൻ നെറ്റിക്കുടി ഗൂഡർലെ എസ്റ്റേറ്റ്, ദേവികുളം, സുനിത, ആനക്കുളം, മാങ്കുളം, ശാന്ത, മച്ചിപ്ലാവ്, അടിമാലി, ഗാന്ധി, സെവൻമല എസ്റ്റേറ്റ്, മൂന്നാർ, ലക്ഷ്മി, ജി എച്ച് ക്വാർട്ടേഴ്സ്, മൂന്നാർ, ഓമന, പതിനാലാം മൈൽ, അടിമാലി. എന്നിവർക്കാണ് എ എ വൈ കാർഡുകൾ ലഭിച്ചത്.വ്യക്തിഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണുക സർക്കാർ നയം: മന്ത്രി റോഷി അഗസ്റ്റിൻ
അപേക്ഷകൾ കുറഞ്ഞത് ശുഭസൂചന
സംസ്ഥാനത്തെ പൊതുജനങ്ങളുടെ വ്യക്തിഗതപ്രശ്നങ്ങൾക്കു പരിഹാരം കാണുകയെന്നതാണ് 'കരുതലും കൈത്താങ്ങും' അദാലത്തിൻ്റെ ലക്ഷ്യമെന്നും അതു സർക്കാരിൻ്റെ നയമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.  ദേവികുളം താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളിലെ അദാലത്തുകളെ അപേക്ഷിച്ച് ഇത്തവണ പരാതികളുടെ എണ്ണത്തിൽ കുറവ് കാണുന്നുണ്ട്. വലിയൊരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കാനായി എന്നാണ് ഇതു കാണിക്കുന്നത്. സർക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതിൻ്റെ ദൃഷ്ടാന്തമാണിത് എന്നും മന്ത്രി പറഞ്ഞു. സഹകരണമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു.. അഡ്വ. എ രാജ എം .എൽ .എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ വി വിഗ്നേശ്വരി, സബ് കളക്ടർ വി എം ജയകൃഷ്ണൻ, എ ഡി എം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. നാരായണൻ, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദീപ രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.