തൊടുപുഴ: ഐസ്‌ക്രീം വിൽപനക്കാരനായ കുമളി ചെങ്കര പുത്തൻപുരയ്ക്കൽ ഷെരീഫിന്റെ ആദ്യ ഭാര്യയിലുള്ള രണ്ടു കുട്ടികളിൽ ഇളയവനാണ് ഷെഫീക്ക്. മൂത്തയാൾ ഷെഫിൻ. ആദ്യഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് ഷെരീഫ് ഒരു കുട്ടിയുടെ അമ്മയായ അനീഷയെ വിവാഹം ചെയ്യുകയായിരുന്നു. ഷരീഫിനും അനീഷയ്ക്കും ഒരു കുട്ടി പിറന്നതോടെയാണ് ഷെരീഫിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളോടുള്ള ഉപദ്രവം കൂടിയത്. ഷഫീഖിന്റെ സഹോദരൻ മൂവാറ്റുപുഴയിലെ യത്തീംഖാനയിലായിരുന്നു. നിരന്തര മർദനമാണ് ഇളംപ്രായത്തിൽ ഷെഫീഖ് ഏറ്റുവാങ്ങിയത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയുമായി രക്ഷിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടിയതോടെയാണ് മനഃസാക്ഷിയെ നടുക്കുന്ന കഥകൾ പുറംലോകം അറിഞ്ഞത്. കുട്ടി കുളിമുറിയിൽ തെന്നിവീണെന്നായിരുന്നു ഡോക്ടറോടു പറഞ്ഞത്. ഭക്ഷണം കൊടുക്കാതെ ഇരുമ്പുദണ്ഡു കൊണ്ടു മർദിച്ചശേഷം പൊട്ടിയ കാൽ പിടിച്ചു തിരിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തലയ്ക്കുണ്ടായ പ്രഹരം അവന്റെ തലച്ചോറിനെ തകർത്തു. അഞ്ച് വയസിലേക്കു കടന്നിട്ടും രണ്ടുവയസുകാരന്റെ ബുദ്ധിയിലേക്ക് അവൻ മാറി. അതീവ ഗുരുതരാവസ്ഥയിലാണ് 2013 ജൂലായ് 15ന് ശെഫീഖിനെ കട്ടപ്പനയിലെ സെന്റ്‌ ജോൺസ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ 151 മുറിവുകളാണുണ്ടായിരുന്നത്.

പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഇരുമ്പുകമ്പി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു, എല്ല് പൊടിഞ്ഞുപോകും വിധമുള്ള മർദ്ദനം, മലദ്വാരത്തിൽ കമ്പികയറ്റി, തിളച്ചവെള്ളമൊഴിച്ച് ദേഹം പൊള്ളിച്ചു, അഞ്ചുവയസുകാരൻ ഷഫീഖിനെ അച്ഛനും രണ്ടാനമ്മയും ചേർന്ന് കൊല്ലാക്കൊല ചെയ്ത വാർത്ത ഞെട്ടലോടെയാണ് അന്ന് കേരളം കേട്ടത്.