 
പീരുമേട്: മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തിൽ നടന്ന പീരുമേട് താലൂക്ക് തലത്തിൽ നടന്ന 'കരുതലും കൈത്താങ്ങും" പരാതി പരിഹാര അദാലത്തിൽ 97 അപേക്ഷകളിൽ തീരുമാനമായി. വെള്ളിയാഴ്ച വരെ അദാലത്തിലേക്ക് ആകെ ലഭിച്ചത് 150 അപേക്ഷകളാണ്. ഇതിൽ 53 എണ്ണത്തിൽ നടപടി സ്വീകരിച്ചു വരികയാണന്ന് അദാലത്തിനു ശേഷം മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അദാലത്ത് ദിവസം 58 അപേക്ഷകൾ പുതുതായി ലഭിച്ചു. ഈ അപേക്ഷകൾ പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതു കൂടാതെ അദാലത്ത് വേദിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 16 പേർക്ക് ആനുകൂല്യങ്ങളും വിതരണം ചെയ്തു. അദാലത്ത് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷ വഹിച്ചു. വാഴൂർ സോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാരായ അതുൽ എസ്. നാഥ്, അനിൽ ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
നാളെ ഉടുമ്പഞ്ചോലയിലും നെടുങ്കണ്ടത്തും
ഉടുമ്പഞ്ചോല താലൂക്ക് തല അദാലത്ത് നാളെ രാവിലെ 10 മുതൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലും ഉച്ചയ്ക്ക് ഒന്ന് മുതൽ ഇടുക്കി താലൂക്ക്തല അദാലത്ത് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിലും നടക്കും. ജനുവരി ആറിന് രാവിലെ 10 മുതൽ തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ തൊടുപുഴ താലൂക്കിലെ അദാലത്ത് നടക്കും. പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈൻ വഴിയോ പരാതികളും അപേക്ഷകളും നൽകാം. karuthal.kerala.gov.in വഴിയാണ് ഓൺലൈനായി അപേക്ഷ സ്വീകരിക്കുക. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക.
'കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ പരാതികൾ കുറഞ്ഞു വരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് ഏറ്റവും അനുഗുണമാകുന്ന വിധം എങ്ങനെ മാറ്റാം, വേഗത്തിൽ പ്രയോജനപ്രദമാക്കാം എന്നതാണ് ഓരോ അദാലത്തിന്റെയും ലക്ഷ്യം. അത് കൈവരിക്കുക തന്നെ ചെയ്യും"
-മന്ത്രി റോഷി അഗസ്റ്റിൻ
'കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അദാലത്തുകൾ വഴിയുള്ള പ്രശ്നപരിഹാരത്തിനു ശേഷം അവശേഷിച്ച പരാതികൾ തീർപ്പാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ 'കരുതലും കൈത്താങ്ങും" താലൂക്കുതല അദാലത്തിൽ നടക്കുന്നത്. ഏറ്റവും വേഗത്തിൽ പ്രശ്നപരിഹാരം സാധ്യമാക്കും"
-മന്ത്രി വി.എൻ. വാസവൻ
അദാലത്ത് തുണച്ചു; 16 കുടുംബങ്ങൾക്ക് റേഷൻ കാർഡ്
പീരുമേട് താലൂക്കിലെ 'കരുതലും കൈത്താങ്ങും" അദാലത്തിൽ 16 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു. എട്ട് അന്ത്യോദയ അയോജന (എ.എ.വൈ) റേഷൻ കാർഡുകളും എട്ട് മുൻഗണനാ (പ്രയോറിറ്റി ഹൗസ്‌ഹോൾഡ് പി.എച്ച്.എച്ച്) റേഷൻ കാർഡുകളുമാണ് വിതരണം ചെയ്തത്.