പീരുമേട്: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുട്ടിയാർ ഡൈവേർഷൻ പദ്ധതിയിലെ കുട്ടിയാർ തോടിനു കുറുകെ ചോറ്റുപാറ കരകളെ ബന്ധിപ്പിക്കും വിധം പാലം നിർമ്മിക്കണമെന്ന അപേക്ഷയിന്മേൽ പീരുമേട് തഹസിൽദാറും കെ.എസ്.ഇ.ബി ഡാം സേഫ്‌റ്റി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറും സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു. വാഗമൺ മേസ്തിരി പറമ്പിൽ ജ്ഞാനദാസിന്റെ പരാതിയിലാണ് ഉത്തരവ്. പദ്ധതിക്കായി നാട്ടുകാരിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് തോടിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലം പണിയുമെന്ന് കെ.എസ്.ഇ.ബി അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതായി പരാതിയിൽ പറയുന്നു. എന്നാൽ കാലമിത്രയായിട്ടും നടപടിയുണ്ടായില്ല.
നാട്ടുകാർ ഉപയോഗിച്ചു വരുന്ന റോഡ് മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നതിനാൽ അഞ്ചു മാസക്കാലം അക്കരെയുള്ള കൃഷിസ്ഥലത്തേക്ക് പോകാൻ അവർക്ക് സാധിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ജ്ഞാനദാസ് അദാലത്തിലെത്തിയത്.