bjp

കട്ടപ്പന: നിക്ഷേപം തിരിച്ച് കിട്ടാത്തതിനെ തുടർന്ന് സഹകരണ സൊസൈറ്റിയ്ക്ക് മുമ്പിൽ വ്യാപാരി ആത്മഹത്യ സംഭവത്തിൽ പ്രതിഷേധം കത്തിപടരുന്നു. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുമ്പിൽ സമരം നടത്തി. സാബുവിന്റെ സംസ്‌കാരത്തിന് മുമ്പ് ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയ ശേഷമാണ് ധനകാര്യ സ്ഥാപനത്തിൽ നിന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയത്. എന്നാൽ കുറ്റക്കാർക്കെതിരെ ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കട്ടപ്പനയിൽ പ്രതിഷേധം കനക്കുന്നത്. പൊലീസ് സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ച് സ്റ്റേഷന് മുമ്പിൽ ബാരിക്കേഡ് വച്ച് തടഞ്ഞു. സാബുവിന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. ബി.ജെ.പി പ്രവർത്തകരും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. പ്രവർത്തകർ കട്ടപ്പന പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകികൊണ്ട് സമരം പൊലീസ് സ്റ്റേഷന് മുമ്പിലുള്ള റോഡിലേക്ക് പ്രതിഷേധം നീട്ടി. തുടർന്ന് റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മരിച്ച സാബുവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ തന്നെ മരണത്തിന് കാരണം കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും ജീവനക്കാരുമാണെന്ന് രേഖപെടുത്തിയിരുന്നു. ഒപ്പം സാബുവിന്റെ ഭാര്യയും ധനകാര്യ സ്ഥാപനത്തിനെതിരെ ആരോപണങ്ങൾ ഉയർത്തി. തുടർന്ന് കേസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. അന്വേഷണ സംഘത്തിൽ കട്ടപ്പന, തങ്കമണി എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒമ്പത് പേരാണുള്ളത്. സാബുവിന്റെ ഭാര്യ മേരികുട്ടിയുടെ മൊഴി കട്ടപ്പന എസ്.എച്ച്.ഒ ടി.സി. മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രേഖപെടുത്തി. ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുള്ള ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

സാബുവിന് കണ്ണീർ യാത്രാമൊഴി

ആത്മഹത്യ ചെയ്ത വ്യാപാരിക്ക് കണ്ണീരിൽ കുതിർന്ന വിട

കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ ജീവനൊടുക്കിയ കട്ടപ്പന പള്ളിക്കവലയിലെ വെറൈറ്റി ലേഡീസ് സെന്റർ ഉടമ മുളങ്ങാശേരിയിൽ സാബു തോമസിന് (56)​ നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് പേരാണ് സാബുവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തിയത്. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് മൃതദേഹം പള്ളിക്കവലയിലെ വസതിയിലെത്തിച്ചത്. വിവിധ രാഷ്ട്രീയപാർട്ടികളുടെയും വ്യാപാര സംഘടനകളുടെയും നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. വൈകിട്ട് 3:45ന് സാബുവിന്റെ മൃതശരീരം വീട്ടിൽ നിന്ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് നാലരയോടെ സംസ്‌കാരം നടന്നു.

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

യൂത്ത് കോൺഗ്രസ് ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്റ്റേഷന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. തുടർന്ന് ബാരിക്കേഡിന്റെ വശങ്ങളിൽ കയറുകെട്ടി നിലയുറപ്പിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടയിലേക്ക് പ്രവർത്തകർ ഇടിച്ചു കയറി. പന്തം കെട്ടി കൊണ്ടുവന്ന കമ്പുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൈയിലിരുന്ന ഷെൽഡുകളിലേക്ക് പ്രവർത്തകർ ആഞ്ഞടിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച് പ്രവർത്തകർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പൊലീസ് ബലമായി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. 24ന് കോൺഗ്രസ് ജില്ലാ കമ്മറ്റി ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും.