ഇടുക്കി: ഡോ. അംബേദ്കറിനെതിരെ ആർ.എസ്.എസ്- ബി.ജെ.പി ഭരണകൂടം അഴിച്ചുവിടുന്ന ആക്രമണത്തിനെതിരെ സി.പി.ഐ ജില്ലാ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ ആഹ്വാന പ്രകാരമാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗം അംബേദ്കർ വിരോധത്തിന്റെയും ദളിത് വിദ്വേഷത്തിന്റെയും ഉറഞ്ഞുതുള്ളലായിരുന്നു. ഭരണഘടനാ രൂപീകരണത്തിന്റെ 75-ാം വർഷത്തിൽ ഭരണഘടനാ പ്രമാണങ്ങളെ തള്ളിപ്പറയുകയും അതിന്റെ ശില്പിയെ അപമാനിക്കുകയും ചെയ്ത അമിത് ഷാ സ്ഥാനം രാജിവെക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. സി.പി.ഐ തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. മതന്യൂനപക്ഷങ്ങളെയും ആദിവാസി ദളിത് പിന്നാക്ക വിഭാഗങ്ങളെയും ഉന്മൂലനം ചെയ്യുകയെന്ന ആർ.എസ്.എസിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.ജെ.പി സർക്കാർ ഡോ. അംബേദ്കറെ പാർലമെന്റിൽ അവഹേളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്സൽ, പി.പി. ജോയി എന്നിവർ സംസാരിച്ചു. കെ.കെ. രാജൻ, ഇ.കെ. അജിനാസ്, കെ.ജെ. ബേബി, എ.എ. റഹീം, വി.ബി. അൻഷാദ്, രാജു കൊന്നനാൽ, എൻ.ജെ. കുഞ്ഞുമോൻ, പി.ആർ. ദേവദാസ്, ഫാത്തി അസി, മുരളി നാരായണൻ, എസ് സ്വയം പ്രഭ എന്നിവർ നേതൃത്വം നൽകി. കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ടൗൺ ചുറ്റി വന്ന പ്രകടനത്തിനു ശേഷം പഴയ ബസ് സ്റ്റാൻഡിലെ അംബേദ്കർ പ്രതിമക്കു മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മണ്ഡലം സെക്രട്ടറി വി.ആർ. ശശി ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് കെ.എൻ. കുമാരൻ, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയിൽ, കെ.ആർ. രാജേന്ദ്രൻ, പി ജെ സത്യപാലൻ, സജികുന്നുംപുറം, ഗിരീഷ് മാലി, ജി. അയ്യപ്പൻ, അജേഷ് സി.എസ്, സജോ മോഹൻ, ഷാൻ വി.ടി, സെന്തിൽ എ.എസ് എന്നിവർ നേതൃത്വം നൽകി.