തൊടുപുഴ: നഗരത്തിൽ കോതായിക്കുന്ന് ബൈപ്പാസിലെ മില്ലിൽ പാചകവാതകം ചോർന്നത് ആശങ്ക പരത്തി. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഉഴത്തിൽ വീട്ടിൽ റെയ്ച്ചൽ തോമസിന്റെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂ സെന്റ് മേരീസ് എന്ന ഫ്ലോർ മില്ലിൽ ഉപയോഗിച്ചുകൊണ്ടിരുന്ന പാചകവാതക സിലിണ്ടറിലാണ് ചോർച്ച ഉണ്ടായത്. പരിഭ്രാന്തരായ വീട്ടുകാർ സംഭവം ഫയർഫോഴ്സിൽ അറിയിച്ചു. ഉടൻതന്നെ തൊടുപുഴയിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. സേനാംഗങ്ങൾ സിലിണ്ടർ പരിശോധിച്ചപ്പോൾ വാഷറിന്റെ തകരാറാണ് ചോർച്ചയ്ക്ക് കാരണമെന്ന് മനസ്സിലായി. തുടർന്ന് തകരാർ പരിഹരിക്കുകയും കൂടുതൽ സുരക്ഷയ്ക്കായി സേഫ‌്‌റ്റി ക്യാപ്പ് വച്ച് ചോർച്ച പൂർണമായി അടയ്ക്കുകയും ചെയ്തു. പുതിയതായി ലഭിച്ച സിലിണ്ടർ രാവിലെ മുതൽ ഉപയോഗത്തിലുള്ളതായിരുന്നു. ഗ്യാസ് ഏജൻസി അധികൃരോട് സിലിണ്ടർ മാറ്റി നൽകാനായി ആവശ്യപ്പെടാൻ വീട്ടുകാരോട് നിർദ്ദേശിക്കുകയും ചെയ്തു. ഫയർ & റെസ്‌ക്യൂ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, പി.ജി. സജീവ്, അനിൽ നാരായണൻ എന്നിവരായിരുന്നു ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.