കട്ടപ്പന: നിക്ഷേപത്തുക തിരകെ ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരി സൊസൈറ്റിക്ക് മുമ്പിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കട്ടപ്പന എ.എസ്.പി രാജേഷ‌്‌കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സി.ഐമാരുൾപ്പെടെയുള്ള ഒമ്പതംഗ സംഘം അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തുമെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാതികളും അന്വേഷിക്കും. നിലവിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടില്ല. ഫോൺ വഴി ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെ അന്വേഷണ പരിധിയിൽ വരും. കുടുംബാംഗങ്ങളുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യ കുറുപ്പിൽ ആരോപണ വിധേയരായ സൊസൈറ്റി ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തും. തെളിവുകൾ ശേഖരിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കും
20നാണ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു. കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കുടുംബവും രംഗത്തെത്തി. തൊട്ടുപിന്നാലെ ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നു . ഇതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ, പി.വി. അൻവർ എം.എൽ.എ എന്നിവർ സാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. മന്ത്രി റോഷി അഗസ്റ്റിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.