
പീരുമേട്: കൊട്ടാരക്കര-ദിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് മത്തായിക്കൊക്കക്ക് സമീപം കനത്ത മഴയിൽ തകർന്ന പാതയുടെ സംരക്ഷണഭിത്തിയുടെ നിർമ്മാണംപൂർത്തിയായെങ്കിലും റോഡ് ടാറിങ്ങ് നടത്തിയിട്ടില്ല. ഇതോടെ വലിയ ഗട്ടർ രൂപപ്പെടുകയും വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്യുന്നു. ശബരിമല തീർത്ഥാടന കാലം ആരംഭിച്ചതോടെ ദേശീയ പാതയിൽ വൻ തെരക്കാണ് അനുഭവപ്പെടുന്നത്. രാത്രിയിൽ വാഹനങ്ങൾ റോഡിന്റെ ടാറിടാത്ത ഭാഗത്ത് അപകടത്തിൽപ്പെടുന്നു. ആറു മാസത്തിന് മുൻപ് ശക്തമായ മഴയിൽ സംരക്ഷണഭിത്തിയും സമീപത്തെ മണ്ണും ഒലിച്ചു പോകുകയായിരുന്നു. റോഡിന്റെ സംരക്ഷണഭിത്തി തകർന്നു മാസങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമ്മിക്കാൻ നടപടി വൈകിയതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് വൺവേ സംവിധാനത്തിലാണ് വാഹനഗതാഗതം തുടർന്ന് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ മാദ്ധ്യമ വാർത്തകളിലൂടെ പ്രശ്നം ഉയർത്തിയിരുന്നു.തുടർന്നാണ് ദേശീയപാത വിഭാഗം ഈ തകർന്ന ഭാഗത്തെ സംരക്ഷണഭിത്തി നിർമ്മാണപ്രവർത്തനം ആരംഭിച്ചത്. അടിയന്തിരമായി റോഡ് ടാറിങ്ങ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.