anvar

കട്ടപ്പന: സഹകരണ മേഖലയെ സി.പി.എം കോർപ്പറേറ്റ്‌വത്കരിച്ചതിന്റെ ഇരയാണ് സാബുവെന്ന് പി.വി. അൻവർ എം.എൽ.എ പറഞ്ഞു. നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്ന് സഹകരണ സൊസൈറ്റിക്ക് മുമ്പിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാബുവിന്റെ മരണത്തിൽ ക്രിമിനൽ ആക്ടിവിറ്റികൾ നടത്തിയിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം. ഇപ്പോൾ നടക്കുന്ന എല്ലാ അന്വേഷണവും കള്ളത്തരമാണ്. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടില്ല. സാബുവിന്റെ കുടുംബത്തിനും കേരളത്തിലെ ഈ പൊലീസ് അന്വേഷിച്ചാൽ നീതി കിട്ടില്ല. നവീൻ ബാബുവിന്റെ കേസിലും കുടുംബത്തോടൊപ്പമെന്നാണ് സി.പി.എം പറഞ്ഞത്. എന്നാൽ നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന സ്ഥിതിയിലേക്ക് പോയി. ഒരു വാക്ക് പാളിയെന്ന് സി.പി.എം സമ്മതിക്കുമ്പോൾ ഒരു കുടുംബമാണ് അനാഥമായത്. റിയൽ എസ്റ്റേറ്റിലടക്കം മുടക്കുന്നതിനാലാണ് നിക്ഷേപകന് പണം തിരിച്ചുകൊടുക്കാൻ ഇല്ലാതെവരുന്നത്. ഫിക്സഡ് ഡിപ്പോസിറ്റ് ആണെങ്കിൽ പോലും 50 ശതമാനം ഉടനടി വായ്പകൊടുക്കാനുള്ള സൗകര്യമുള്ളതാണ്. എന്നിട്ട് ചികിത്സയ്ക്ക് രണ്ടു ലക്ഷം രൂപ ചോദിച്ച സാബുവിനെ അപമാനിച്ച്,​ അക്രമിച്ച് മരണത്തിലേക്ക് തള്ളിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.