
തൊടുപുഴ: നഗരത്തിൽ അഞ്ച് കിലോ മീറ്റർ മാത്രം ദൂരെയുള്ള അതിമനോഹരിയായ അരുവിക്കുത്ത് വെള്ളച്ചാട്ടം കാണാൻ ദിവസവും നൂറുകണക്കിന് പേരാണെത്തുന്നതെങ്കിലും ഇവിടെ യാതൊരുവിധ സുരക്ഷാ സംവിധാനവും അധികൃതർ ഒരുക്കിയിട്ടില്ല. ശനിയാഴ്ച രണ്ട് വിദ്യാർത്ഥികളാണ് ഇവിടെ മുങ്ങി മരിച്ചത്. ദിവസേന അനേകം പേരാണ് അരുവിക്കുത്തിന്റെ മനോഹാരിതയിൽ അലിയാനെത്തുന്നത്. ഇവിടെ മുമ്പ് അപകടങ്ങളോ മരണങ്ങളോ ഉണ്ടായതായി പരിസരവാസികൾക്ക് അറിവില്ല. പക്ഷേ, വെള്ളം കുത്തിയൊഴുകുന്നിടം മുതൽ അപകടവും ഒപ്പമുണ്ട്. മലങ്കര റബ്ബർ ഫാക്ടറിക്ക് അടുത്ത് നിന്ന് വലത് തിരിഞ്ഞ് കനാൽ റോഡിലൂടെ പോയാൽ അരക്കിലോമീറ്റർ പോലുമില്ല അരുവിക്കുത്തിലെത്താൻ. സമീപത്തെ പാലത്തിൽ നിന്നാൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യവിരുന്ന് ആസ്വദിക്കാം. കാഴ്ചയിൽ മനോഹരമെങ്കിലും അപകടം പതിയിരിക്കുന്ന കയങ്ങൾ നിരവധിയുണ്ടിവിടെ. രണ്ടുവിദ്യാർഥികൾ മരണപ്പെട്ടെങ്കിലും അപകടവിവരം അറിഞ്ഞവരും അറിയാത്തവരുമായി നിരവധിപേർ അവധി ആഘോഷിക്കാനും മറ്റും കുടുംബസമേതം ഇപ്പോഴും അരുവിക്കുത്തിലെത്തുന്നുണ്ട്. എന്നാൽ സഞ്ചാരികൾക്കായി മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇവിടില്ല. ദിശാബോർഡോ സംരക്ഷണവേലിയോ സ്ഥാപിച്ചിട്ടില്ല. എക്കാലവും സമൃദ്ധമായ വെള്ളമുണ്ടാകാറുണ്ടിവിടെ. മഴക്കാലത്ത് തെന്നിതെറിച്ച് കിടക്കുന്ന പാറയും കുത്തിയൊഴുകുന്ന വെള്ളത്തിലും സഞ്ചാരികൾ അപകടത്തിൽപ്പെടാനിടയുണ്ട്.
സാഹസികത ഉള്ളിലുള്ള ചെറുപ്പക്കാർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. വെള്ളച്ചാട്ടത്തിലേക്കെത്താനുള്ള ദുർഘടപാതയ്ക്ക് ഇരുവശവും കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞതാണ്. ആരെങ്കിലും അപകടത്തിൽപ്പെട്ടാലും വേഗത്തിൽ ശ്രദ്ധ പതിയണമെന്നില്ല. രക്ഷിക്കാനെത്തുന്നവർക്കും വരാൻ ഈ ഒരു പാതമാത്രമാണുള്ളത്. മദ്യപിച്ചശേഷം തള്ളുന്ന കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ് വെള്ളച്ചാട്ടത്തിലും പരിസരപ്രദേശങ്ങളിലും നിറയെ. അധികൃതരുടെ അനാസ്ഥമൂലമാകാം വെള്ളച്ചാട്ട പരിസരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും കേന്ദ്രമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സിനിമക്കാരുടെ
ഇഷ്ടലൊക്കേഷൻ
രസതത്രം, വെറുതെ ഒരു ഭാര്യ, വെള്ളിമൂങ്ങ, വജ്രം എന്നീ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കല്യാണ വീഡിയോ, ആൽബം എന്നിവ ചിത്രീകരിക്കാനും ഇവിടെ ആളുകൾ വരാറുണ്ട്.
നയനമനോഹര കാഴ്ച
ഇല്ല്ചാരി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ചെറു അരുവിയാണ് മലങ്കരയിലെത്തുമ്പോൾ സുന്ദരിയായ വെള്ളച്ചാട്ടമായി മാറുന്നത്. വെള്ളച്ചാട്ടത്തിന് അധികം ഉയരമില്ലെങ്കിലും പാറയുടെ മടിത്തട്ടിലൂടെ നുരഞ്ഞൊഴുകുന്ന പാലരുവി നയനമനോഹര കാഴ്ചയാണ്. സമീപത്തെ പാലത്തിൽ നിന്ന് കൺനിറയെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം.
വിചാരിച്ചാൽ ഇഷ്ടകേന്ദ്രമാക്കാം
മലങ്കര ടൂറിസം ഹബിനൊപ്പം ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും. വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം മുട്ടം പഞ്ചായത്തിലും മറ്റൊന്ന് കരിങ്കുന്നത്തുമാണ്. ഇരുകൂട്ടരും ഒത്തുചേർന്ന് ഇവിടേക്കുള്ള റോഡ് ടാറ് ചെയ്ത് വേണ്ട സുരക്ഷാ സംവിധാനങ്ങളൊരുക്കി ചെറിയ ഒരു ഫീസ് വച്ചാൽ വരുമാനമാർഗമാകും.