
കേരളത്തിലെ കുട്ടികൾക്ക് വേണ്ടി സ്വന്തം ജീവിതം കൊണ്ട് ഇതിഹാസം രചിച്ചയാളാണ് ഷെഫീഖ് എന്ന 16 വയസുകാരൻ. തന്നെ ക്രൂരമായി പീഡിപ്പിച്ച് ജീവച്ഛവമാക്കിയ പിതാവിനും രണ്ടാനമ്മയ്ക്കുമെതിരായ ശിക്ഷാവിധി 11 വർഷത്തിന് ശേഷം വെള്ളിയാഴ്ച വന്നപ്പോൾ, ഒന്നുമറിയാതെ പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ മെഡിക്കൽ കോളേജിലെ അമ്മത്താരാട്ട് മുറിയിൽ പോറ്റമ്മ രാഗിണിയുടെ സ്‌നേഹത്തലോടലിലായിരുന്നു ഷെഫീഖ്. കേസിൽ ഒന്നാം പ്രതിയായ കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫിന് ഏഴു വർഷവും രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവും കഠിന തടവുമാണ് മുട്ടം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. ഒന്നാം പ്രതി 50,000 രൂപയും രണ്ടാം പ്രതി രണ്ട് ലക്ഷം രൂപയും പിഴയൊടുക്കാനും ശിക്ഷാവിധിയിൽ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കിൽ ഒരേ വർഷം തടവും ഇരുവരും അനുഭവിക്കണം. രണ്ടര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വധശ്രമകേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചത്.
സമാനതകളില്ലാത്ത ക്രൂരത
ഐസ്‌ക്രീം വിൽപനക്കാരനായ ഷെരീഫിന്റെ ആദ്യ ഭാര്യയിലുള്ള രണ്ടു കുട്ടികളിൽ ഇളയവനായിരുന്നു ഷെഫീക്ക്. മൂത്തയാൾ ഷെഫിൻ മൂവാറ്റുപുഴയിലെ യത്തീംഖാനയിലായിരുന്നു. ആദ്യഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് ഷെരീഫ് ഒരു കുട്ടിയുടെ അമ്മയായ അനീഷയെ വിവാഹം ചെയ്യുകയായിരുന്നു. ഷെരീഫിനും അനീഷയ്ക്കും ഒരു കുട്ടി പിറന്നതോടെയാണ് ഷെരീഫിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയായ അഞ്ചുവയസുകാരൻ ഷെഫീഖിന്റെ ജീവിതം മാറുന്നത്. നിരന്തര മർദ്ദനമാണ് ഇളംപ്രായത്തിൽ ഷെഫീഖ് ഏറ്റുവാങ്ങിയത്. തലയ്ക്കു പരിക്കേറ്റ കുട്ടിയുമായി രക്ഷിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് മനഃസാക്ഷിയെ നടുക്കുന്ന കഥകൾ പുറംലോകമറിഞ്ഞത്. കുട്ടി കുളിമുറിയിൽ തെന്നിവീണെന്നായിരുന്നു ഡോക്ടറോടു പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോ. നിഷാന്ത് പോളാണ് ക്രൂര മർദ്ദനത്തിന്റെ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. ഭക്ഷണം കൊടുക്കാതെ ഇരുമ്പുദണ്ഡുകൊണ്ടു മർദ്ദിച്ചശേഷം പൊട്ടിയ കാൽ പിടിച്ചു തിരിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തലയ്ക്കേറ്റ പ്രഹരം അവന്റെ തലച്ചോറിനെയും തകർത്തു. അഞ്ച് വയസിലേക്കു കടന്നിട്ടും രണ്ടുവയസുകാരന്റെ ബുദ്ധിയിലേക്ക് അവൻ മാറി. അതീവ ഗുരുതരാവസ്ഥയിലാണ് 2013 ജൂലായ് 15ന് ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ 151 മുറിവുകളാണുണ്ടായിരുന്നത്. ഇരുമ്പുകമ്പി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു, എല്ല് പൊടിഞ്ഞുപോകും വിധമുള്ള മർദ്ദനം, മലദ്വാരത്തിൽ കമ്പികയറ്റി, തിളച്ചവെള്ളമൊഴിച്ച് ദേഹം പൊള്ളിച്ചു, അഞ്ചുവയസുകാരൻ ഷെഫീഖിനെ അച്ഛനും രണ്ടാനമ്മയും ചേർന്ന് കൊല്ലാക്കൊല ചെയ്ത വാർത്ത ഞെലോടെയാണ് അന്ന് കേരളം കേട്ടത്. ഇടുക്കി ശിശുക്ഷേമ സമിതി ചെയർമാനായിരുന്ന പി.ജി. ഗോപാലകൃഷ്ണൻ നായരുടെ ശക്തമായ ഇടപെടലാണ് ഷെഫീഖിനെ ഈ അവസ്ഥയിലെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചത്. ആശുപത്രിയിലെത്തി ഷെഫീഖിനെ കണ്ട് ദുരവസ്ഥ നേരിട്ടു മനസിലാക്കിയ ഗോപാലകൃഷ്ണൻ നായർ ഉടൻ കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം മുഖേന സർക്കാരിനോട് ആവശ്യപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സാമൂഹ്യനീതി മന്ത്രി എം.കെ. മുനീറും വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കട്ടപ്പനയിലേക്ക് പ്രത്യേക ആരോഗ്യസംഘത്തിനെ തന്നെ സർക്കാർ അയച്ചു. 26 ദിവസത്തിന് ശേഷം കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് അയച്ചതും ഗോപാലകൃഷ്ണൻ മുൻകൈയെടുത്തായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിന് ശേഷം മാസത്തിലൊരിക്കലെങ്കിലും ഷെഫീഖിനെ ഗോപാലകൃഷ്ണൻ സന്ദർശിക്കുമായിരുന്നു.
രാഗണിയെന്ന അമ്മ
ക്രൂരമായ പീഡനത്തെ തുടർന്ന് പ്രായത്തിനനുസരിച്ചുള്ള ബുദ്ധി വളർച്ച ഷെഫീഖിന് കിട്ടാതെപോയി. നൊന്തു പ്രസവിച്ചതല്ലെങ്കിലും ആയയായ രാഗിണിയാണ് ഷെഫീഖിന്റെ ഇപ്പോഴത്തെ അമ്മ. ചികിത്സ പുരോഗമിക്കവെ കുഞ്ഞിന്റെ സംരക്ഷണ ചുമതലക്കായി സാമൂഹിക നീതി വകുപ്പ് നിയോഗിച്ച് ജീവനക്കാരി അസൗകര്യം മൂലം പിൻമാറിയപ്പോഴാണ് അംഗനവാടി ജീവനക്കാരിയായ രാഗിണിയിലേക്ക് ചുമതല വന്നുചേർന്നത്. വെറുമൊരു ആയയായി വന്നു കയറിയ രാഗിണി ഇടം പിടിച്ചത് കുഞ്ഞുഷെഫീഖിന്റെ ഇളം മനസിലാണ്. ശുശ്രൂഷയിൽ നിന്ന് ഷെഫീഖിന്റെ അമ്മയായി മാറാൻ രാഗിണിക്ക് അധിക നാൾവേണ്ടി വന്നില്ല. ആഗസ്റ്റ് എട്ടിന് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോൾ ഷെഫീഖിനൊപ്പം പോയത് രാഗിണിയാണ്. അവിടെ 102 ദിവസം നീണ്ട ചികിത്സയ്ക്കിടെ രാഗിണി ഷെഫീഖിന് വാവാച്ചിയായി. പിന്നീട് വഞ്ചിക്കവല സ്വധർഹോമിലായിരുന്നു ഷെഫീഖ്. അവിടെയും വെല്ലൂരിലെ രണ്ടാം ഘട്ട ചികിത്സയിലും രാഗിണിയുടെ പരിചരണം അവനിൽ വളർത്തിയത് അദൃശ്യമായ പൊക്കിൾകൊടി ബന്ധമാണ്. ഒരു പതിറ്റാണ്ട് കഴിഞ്ഞ് വന്ന വിധിയിൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കാത്തതിൽ രാഗിണിക്ക് വിഷമമുണ്ട്. ഇത്രയും ക്രൂരമനസുള്ളവർക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെന്ന നിലപാടാണ് ഈ അമ്മയ്ക്ക്. കളിച്ചു ചിരിച്ച് നടക്കേണ്ട കുട്ടിയുടെ ഓരോ ദിവസും ആരംഭിക്കുന്നതും അവസാനിക്കുന്നതും തന്റെ കൈകളിലാണ്. അവൻ ഒന്ന് എണീറ്റ് നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാത്ത ദിവസങ്ങളില്ല, കണ്ണീർ തുടച്ച് രാഗിണി പറയുന്നു. ഷെഫീഖിനെ നോക്കാനുള്ളതിനാൽ രാഗിണി വിവാഹം പോലും കഴിച്ചില്ല. ഉറ്റവരെയും ഉടയവരെയും വിട്ടാണ് രാഗിണി ഷെഫീഖിനെ പരിചരിക്കുന്നത്. വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങാൻ പലരും നിർബന്ധിച്ചു. അപ്പോഴൊക്കെ ഷെഫീഖിന്റെ മുഖം മാത്രമാണ് മനസിൽ തെളിഞ്ഞത്. പിന്നെ മറിച്ചൊന്നും ചിന്തിക്കാനായില്ല. കുഞ്ഞ് നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് ഒരിക്കൽപോലും അവനോട് സംസാരിച്ചിട്ടില്ല. ഒരായുഷ്‌ക്കാലത്ത് അനുഭവിക്കാനുള്ളത് മുഴുവൻ അവൻ ഈ ചെറിയ കാലയളവിൽ അനുഭവിച്ചു കഴിഞ്ഞു. വാഗമൺ കോലാഹലമേട് സ്വദേശിയാണ് രാഗിണി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരിഹരന്റെ മകൾ. നാലു സഹോദരങ്ങളുണ്ട്. 32-ാം വയസിൽ ഷെഫീഖിന്റെ സംരക്ഷണം ഏറ്റെടുത്ത രാഗിണിക്ക് ഇപ്പോൾ പ്രായം 43 ആയി.
ഷെഫീഖിന്റെ പേരിൽ നിയമം
ഷെഫീഖിന് ദുരനുഭവമുണ്ടായി മൂന്ന് മാസത്തിനകം അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി കുട്ടികളുടെ സംരക്ഷണത്തിനും അവകാശത്തിനും വേണ്ടി തയാറാക്കിയ റിപ്പോർട്ട് ശിശുക്ഷേമ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിവച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് പ്രൊട്ടക്ഷൻ പ്രോട്ടോകോൾ പോലും രൂപീകരിക്കുന്നത്. ബാലാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങളും ഷെഫീഖ് കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു. കുട്ടികൾ പീഡനങ്ങൾ നേരിടുന്നുണ്ടോ എന്നറിയാൻ സ്‌കൂളുകളിൽ കൗൺസിലിംഗ് ശക്തമായതും ഇതോടെയാണ്. കുട്ടികളുടെ സംരക്ഷണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, പഞ്ചായത്ത് മെമ്പർമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സാമൂഹിക നിതീ വകുപ്പ് എന്നിവരുടെ ചുമതല എന്താണെന്ന് ഈ റപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. ഇതോടെ കുഞ്ഞുങ്ങളുടെ സുരക്ഷ കുടുംബത്തിന്റെ മാത്രമല്ല അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമായി. ഷെഫീഖ് അങ്ങനെ സ്വന്തം ജീവിതം കൊണ്ട് ഇതിഹാസം രചിച്ചെങ്കിലും ഷെഫീഖ് റിപ്പോർട്ടിന്മേൽ കാര്യമായ തുടർനടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.