ഇടുക്കി : ഗവ.നഴ്സിംഗ് കോളജ് വിദ്യാർത്ഥികളുടെ പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കാൻ ഗവൺമെന്റ് ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. നഴ്സിംഗ്,മെഡിക്കൽ വിദ്യാർത്ഥികൾ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി സമരരംഗത്ത് ഇറങ്ങേണ്ടി വരുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഇടുക്കി മെഡിക്കൽ കോളജിനെയും മറ്റ് അനുബന്ധസ്ഥാപനങ്ങളെയും തകർക്കുന്നതിനായി സർക്കാർ നടത്തുന്ന മെല്ലെപ്പോക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എം.പി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ നഴ്സിംഗ് കൗൺസിലിനെ സാങ്കേതികമായി തെറ്റിദ്ധരിപ്പിച്ച് നടത്തിയ പ്രവൃത്തികൾ നഴിസിംഗ് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലെത്തിയിരിക്കുന്നു.രണ്ടാം പ്രവൃത്തി വർഷത്തിലും ക്ലാസ് മുറികളും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലും നിർമ്മിക്കുന്നതിനോ, ആനുപാതിക സൌകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ കഴിഞ്ഞിട്ടില്ല. താമസിക്കുവാൻ സൌകര്യങ്ങൾ ഇല്ലാതെ വിദ്യാർത്ഥികൾ നട്ടം തിരിയുന്നു. അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ കുറവ് അക്കാദമിക പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്.പ്രഖ്യാപനങ്ങളും വിവിധ വിഭാഗങ്ങളിലായുള്ള ഉദ്ഘാടനമേളകളും മാത്രമായി മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെ കാണുന്ന മന്തിമാർ വിദ്യാർത്ഥികളുടെ ദുരവസ്ഥ നേരിട്ട് മനസ്സിലാക്കി നഴ്സിംഗ് കോളജ് പ്രശ്നങ്ങൾക്ക് അന്തിമപരിഹാരം കാണുന്നതിന് തയ്യാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു.