തൊടുപുഴ: മനുഷ്യമനസാക്ഷിയെ നടുക്കിയ ഷെഫീഖ് വധശ്രമക്കേസിൽ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി ഏറെ ആശ്വാസകരമായിരുന്നെങ്കിലും കുട്ടികൾക്ക് എതിരായ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. ബോധവത്കരണവും നിയമ നടപടികളും ശക്തമാകുമ്പോഴും, നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഈ വർഷം ആഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കുട്ടികളുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ മാത്രം 197 എണ്ണമാണ്. ഇതിൽ 91 എണ്ണവും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 23 കേസുകളാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത്. ലൈംഗികാതിക്രമം, സംരക്ഷണം നൽകാതിരിക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ശൈശവ വിവാഹം എന്നിവയാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങൾ. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്. കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതികൾക്ക് പ്രതിവർഷം നൂറ് കണക്കിന് പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. 13 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്.
അതിക്രമം
ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കൂ...
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന നമ്പറിൽ വിളിക്കാം. സൗജന്യമായി 24 മണിക്കൂറും സേവനം ലഭിക്കും. കൂടാതെ ജില്ലാ ശിശു സംരക്ഷണയൂണിറ്റിന്റെ 04862235532 എന്ന നമ്പറിലും വിളിക്കാം.
വർഷം- കുട്ടികൾക്കെതിരായ കുറ്റ കൃത്യങ്ങൾ
 2021- 125
 2022- 267
 2023- 231
 2024 (ആഗസ്റ്റ് വരെ)- 197
കമ്മിറ്റിയുണ്ട്,
 പ്രവർത്തനമില്ല
എല്ലാ പഞ്ചായത്തിലും ചൈൽഡ് ലൈൻ കമ്മിറ്റികളുണ്ട് കേരളത്തിൽ. പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വൈസ് ചെയർപേഴ്സണുമായുള്ള കമ്മിറ്റിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുട്ടികളുടെ പ്രതിനിധികൾ, അംഗൻവാടി ടീച്ചർ, സ്‌കൂൾ ടീച്ചർ തുടങ്ങി സാമൂഹ്യപ്രവർത്തകർ വരെ അംഗങ്ങളാണ്. കമ്മിറ്റികൾ മൂന്നുമാസം കൂടുമ്പോഴാണ് യോഗം ചേരേണ്ടത്. സർവതല സ്പർശിയായ ഈ കമ്മിറ്റിക്ക് പഞ്ചായത്തിലെ എല്ലാ കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്താനാകും. ഇത്തരത്തിൽ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ബ്ലോക്ക്, ജില്ലാ തലത്തിലും ഈ കമ്മിറ്രികളുണ്ട്. ഈ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ തന്നെ കുട്ടികൾക്കെതിരായ അതിക്രമം ഒരു പരിധി വരെ തടയാനാകും. നിർഭാഗ്യവശാൽ നമ്മുടെ പല പഞ്ചായത്തുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായി യോഗം ചേരാറില്ല.