
കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരി സൊസൈറ്റിക്ക് മുമ്പിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒമ്പതംഗ പ്രത്യേക സംഘം സഹകരണ സംഘം ജീവനക്കാരുടെ മൊഴിയെടുപ്പ് ആരംഭിച്ചു. ആത്മഹത്യാ കുറുപ്പിൽ പേര് രേഖപ്പെടുത്തിയവരടക്കമുള്ള ജീവനക്കാരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.
മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന എ.എസ്.പി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സി.ഐമാർ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജിയും സാബുവും തമ്മിലുള്ള ഫോൺ സംഭാഷണത്തിലെ ഭീഷണിയടക്കം അന്വേഷണ പരിധിയിൽ ഉണ്ടാകും. വി.ആർ. സജിക്കും സൊസൈറ്റി ഭരണസമിതിക്കുമെതിരെ സാബുവിന്റെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡി.സി.സിയുടെ നേതൃത്വത്തിൽ 27ന് ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ചും നടത്തും.