കട്ടപ്പന: കോൺഗ്രസിൽ നിന്ന് വെട്ടിപിടിച്ച് സി.പി.എം ഭരണം തുടരുന്ന കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ നിക്ഷേപ തുക ലഭിക്കാതെ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘത്തിന് വേഗതയില്ല. മുൻ സി.പി.എം ഏരിയാ
സെക്രട്ടറി അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിട്ടും അന്വേഷണ പുരോഗതി ഉണ്ടാകുന്നില്ല. സംഭവം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ആരോപണ വിധേയർക്കെതിരെ യാതൊരു നടപടിക്കും പൊലീസ് മുതിർന്നിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ബാങ്ക് ഭരണ സമിതിയിലെ ചിലരുടെ മൊഴിയെടുക്കുക മാത്രമാണ് നിലവിൽ ചെയ്തിരിക്കുന്നത്. കട്ടപ്പനയിലെ വ്യാപാരിയായിരുന്ന മുളങ്ങാശേരി സാബുവാണ് (56) കഴിഞ്ഞ വെള്ളിയാഴ്ച കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയ്ക്ക് മുന്നിൽ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പിലും പിന്നീട് പുറത്തു വന്ന ഫോൺ സംഭാഷണത്തിലും സാബുവിന് സി.പി.എം നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി വ്യക്തമാണ്. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് കേസിലെ അന്വേഷണത്തിന് കട്ടപ്പന, തങ്കമണി സി.ഐമാരുടെ നേതൃത്വത്തിൽ രണ്ട് എസ്.ഐ, ഒരു എ.എസ്.ഐ എന്നിവരടങ്ങുന്ന ഒമ്പതംഗ സംഘത്തെ നിയോഗിച്ചിരുന്നു. സാബുവിന് മർദനമേറ്റെന്നതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണം ശക്തമാകുകയാണ്. കേസന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളടക്കം പ്രതികരണവുമായി രംഗത്തും വന്നു.