തൊടുപുഴ: സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന 1961ലെ വന നിയമ ഭേദഗതിയെ ന്യായീകരിക്കുന്ന വനമന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ പറഞ്ഞു. ജനാധിപത്യ വിരുദ്ധവും ജനദ്രോഹപരവുമായ ഈ ഭേദഗതി ബഹുമാനപ്പെട്ട വനംമന്ത്രിയുടെ അറിവോടുകൂടിയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ തന്നെ വനാതിർത്തി പങ്കിടുന്ന പ്രദേശത്തെ ജനങ്ങൾ വനപാലകരുടെ അക്രമങ്ങളെയും പീഡനങ്ങളെയും നേരിടുകയാണ്. വനപാലകരെ കയർ ഊരി വിടാനും അവർക്ക് ആരെയും പീഡിപ്പിക്കാനും അവരുടെ വീടുകൾ റെയ്ഡ് ചെയ്യാനും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് പോലും അധികാരം നൽകുന്നതാണ് ഭേദഗതി. വനാതിർത്തിയിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും 25,000 രൂപ പിഴ ഒടുക്കാവുന്ന കുറ്റം ആണെന്ന് ഈ ഭേദഗതി പറയുന്നു. നിലവിലുള്ള നിയമത്തേക്കാൾ അറുപിന്തിരിപ്പനായ ജനവിരുദ്ധമായ ഈ നിയമഭേദഗതിയെ ന്യായീകരിക്കുന്ന മന്ത്രിയുടെ നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ശിവരാമൻ പറഞ്ഞു.