xmas

തൊടുപുഴ: പുലർച്ചെ അഞ്ചിന് നാസർ തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെത്തും. വിളക്ക് കൊളുത്തി പള്ളി മണിയടിക്കും. അതോടെയാണ് അറുപതുകാരനായ നാസർ ഹമീദിന്റെ ഒരു ദിനം ആരംഭിക്കുന്നത്. പള്ളിയും പരിസരവും വൃത്തിയാക്കുന്നതടക്കം എല്ലാ ജോലിയും ചെയ്ത് വൈകിട്ട് 6.15നുള്ള പള്ളി മണിയുമടിച്ച് ഗേറ്റും പൂട്ടിയേ മടങ്ങൂ.

ക്രിസ്തുമസ് വന്നാലും ഈസ്റ്റർ വന്നാലും പള്ളിക്കാർക്ക് കാരിക്കോട് കിഴക്കംപറമ്പിൽ നാസർ ഹമീദ് വേണം. 30 വർഷത്തിലേറെയായി പള്ളിയിലെ ഏക ജീവനക്കാരനാണ് നാസർ.

ഇന്നലെ പുൽക്കൂടൊരുക്കാനും പടക്കം വാങ്ങിക്കാനുമെല്ലാം കുട്ടികൾക്കൊപ്പം നാസറിക്കയുണ്ടായിരുന്നു.അതേസമയം, അഞ്ച് നേരവും നിസ്കരിക്കുന്ന എല്ലാ നോമ്പുമെടുക്കുന്ന ഉറച്ച ഇസ്ലാംമത വിശ്വാസിയാണ്.

തൊടുപുഴ മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം നടത്തിയിരുന്ന നാസർ, മാർക്കറ്റിനുള്ളിലെ ചെറിയ കുരിശുപള്ളി ആരും ആവശ്യപ്പെടാതെ വൃത്തിയാക്കുമായിരുന്നു. അവിടെ തുടങ്ങിയതാണ്ഈ ആത്മബന്ധം. പിന്നീട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ പള്ളി പുതുക്കി പണിതപ്പോൾ ഒപ്പം കൂടി. ജോലിയിലെ ആത്മാർത്ഥത കണ്ട് ഇഷ്ടപ്പെട്ട വികാരിയച്ചനും പള്ളികമ്മിറ്റിക്കാരും പള്ളിയിലെ ചെറിയ ജോലികൾ ഏൽപ്പിച്ചു. അർപ്പണമനോഭാവത്തോടെ ജോലി ചെയ്യുന്ന യുവാവ് അധികം താമസിയാതെ പള്ളിയിൽ നിന്ന് മാസശമ്പളം വാങ്ങുന്ന ജീവനക്കാരനായി .ഇടവകയിൽ മരണമുണ്ടായാലും കല്യാണമുണ്ടായാലും മുഴുവൻ സമയവും ഉണ്ടാകും. ഞായർ ദിവസം കുർബാനയ്ക്ക് ശേഷം പള്ളിയിലെത്തുന്ന വേദപാഠക്ലാസിലെ കുട്ടികളടക്കം ഇരുന്നൂറോളം പേർക്ക് ഭക്ഷണം പാകം ചെയ്യുന്നതും നാസർ ഒറ്റയ്ക്കാണ്. ഷാഹിനയാണ് ഭാര്യ. ബാദുഷ, ബാസിം, ബീമാ എന്നിവർ മക്കളാണ്.


'വിശ്വാസ്യതയാണ് നാസറിനെ പ്രിയപ്പെട്ടവനാക്കുന്നത്. മാറി മാറി വരുന്ന വികാരിയച്ചന്മാർക്കെല്ലാം പ്രിയപ്പെട്ടവനാണ്.'

-കെ.വി. ജോയ് കൊറ്റംകോട്ടിൽ

പള്ളി ട്രസ്റ്റി

' ഈ പള്ളി സ്വന്തം വീട് പോലെയാണ്. ഇവിടെ വരുന്നവരെല്ലാം വീട്ടുകാരും. എന്റെ സമുദായത്തിൽ നിന്നോ ഇടവകക്കാരിൽ നിന്നോ മോശം അനുഭവമുണ്ടായിട്ടില്ല.'

-നാസർ ഹമീദ്