 
ചെറുതോണി: ഡബിൾ കട്ടിംഗ് നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളീ ദേവി ഗുരുദേവ ക്ഷേത്രത്തിൽ 18-ാമത് ശ്രീമദ് ഭാഗവത സപ്താഹത്തിന്റെ ഭാഗമായി മൂന്നാം ദിനത്തിൽ കുരുന്നുകൾ ഉണ്ണിയൂട്ട് നടത്തി. ഭാഗവത യജ്ഞാചാര്യൻ മധു മുഹമ്മയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടക്കുന്നത്. നൂറോളം കുരുന്നുക്കൾക്കാണ് ഉണ്ണിയൂട്ട് വഴിപാട് നടത്തിയത്. ശ്രീകൃഷ്ണാവതാരത്തിലെ പൂതനാ മോഷം, ബാലലീല എന്നീ അദ്ധ്യായങ്ങളാണ് യജ്ഞവേദിയിൽ പാരായണം ചെയ്തു. സപ്താഹത്തിന്റെ അഞ്ചാം ദിവസമായ രുക്മണീ സ്വയംവര ദിനത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി സുരേഷ് ബാബുനാഥ ശർമ്മ ശാന്തികളുടെയും യജ്ഞ ഹോതാവിന്റെയും മുഖ്യകാർമ്മികത്വത്തിൽ
യജ്ഞവേദിയിൽ തിരുമുൽകാഴ്ച തെട്ടിൽ സേവ തൃക്കൈവെണ്ണ, നവഗ്രഹ പൂജ, വിദ്യാഗോപാലമന്ത്രാർച്ചന എന്നിവ നടന്നു. ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കുമായി മഹാ പ്രസാദഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധന, ആചാര്യ പ്രഭാഷണം, ലളിതാ സഹസ്രനാമാർച്ചന, നാമ സങ്കീർത്തനം, മംഗളാരതി എന്നിവയും എഴു ദിവസവും നടന്നു വരുന്നു. 19നാണ് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം ചെയ്ത ഭാഗവതസപ്താഹ യജഞം ആരംഭിച്ചത്. ജില്ലയിൽ 18 വർഷക്കാലം തുടർച്ചയായി ഭഗവത സപ്താഹയഞ്ജം നടത്തിവരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. 26ന് ഭാഗവത സപ്താഹയജ്ഞം സമാപിക്കുമെന്ന് ഭാരവാഹികളായ ക്ഷേത്രം രക്ഷാധികാരി വിശ്വനാഥൻ ചാലിൽ, ശാഖാ പ്രസിഡന്റ് സുരേഷ് ബാബു തേവർകാട്ടിൽ, വൈസ് പ്രസിഡന്റ് തങ്കച്ചൻ പുത്തേട്ട് സെക്രട്ടറി സുനിൽ കൊച്ചയ്യത്ത്, കമ്മറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.