മൂന്നാർ: മൂന്നാറിൽ വലിയ തുക മുടക്കിയ കുടിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചു.ജലസേചന വകുപ്പ് 2019ലാണ് മൂന്നാർ ടൗണിന് സമീപവും ഒരു കിലോമീറ്റർ മുകളിൽ മുതുവാൻപാറ ഭാഗത്തും കന്നിമലയാറിന് കുറുകെ 2 തടയണകൾ നിർമ്മിക്കുന്ന ജോലികൾക്ക് തുടക്കമിട്ടത്.നിർമ്മാണം 2022 മാർച്ചിൽ പൂർത്തിയായി.ശുദ്ധജലക്ഷാമം രൂക്ഷമായ മൂന്നാർ ടൗൺ, കോളനി പ്രദേശങ്ങളിൽ വെള്ളമെത്തിക്കാനുള്ളതായിരുന്നു പദ്ധതി.എന്നാൽ പദ്ധതി പാതിവഴിയിൽ നിലച്ചതോടെ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച തടയണകൾ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലായി.നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് ചെറുകിട ജലസേചന വകുപ്പ് ബണ്ടുകൾ സ്ഥാപിച്ചത്. കന്നിമലയാറ്റിലെ വെള്ളം തടഞ്ഞുനിർത്തി ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യാനുള്ളതായിരുന്നു പദ്ധതി. ഇത് പഞ്ചായത്തിന് കൈമാറുമെന്നും ടാങ്കും പൈപ്പുകളും സ്ഥാപിച്ച് പഞ്ചായത്ത് ജലവിതരണം നടത്തണമെന്നുമായിരുന്നു ധാരണ. എന്നാൽ പദ്ധതി പ്രായോഗികമല്ലെന്നും വൻ പണച്ചെലവ് വരുമെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പിൻമാറി. ഇതോടെ ഈ തടയണകൾ ഉപയോഗ ശൂന്യമായി നിലയിലായി. പദ്ധതി പ്രായോഗികമാണോയെന്ന് മതിയായ പഠനം നടത്താതെ തടയണകൾ സ്ഥാപിച്ചത് തിരിച്ചടിയായെന്നാണ് ആക്ഷേപം