ഇടുക്കി : ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 28,29,30 തീയതികളിൽ ചെറുതോണിയിൽ വിവിധ വേദികളിലായി നടത്തും. ജില്ലയിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലേയും രണ്ട് നഗരസഭകളിലേയും വിജയികളായ മത്സരാർത്ഥികളാണ് ജില്ലാ കേരളോത്സവത്തിൽ പങ്കെടുക്കുക.
കേരളോത്സവം നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ചെയർമാനായും ഡിവിഷൻ മെമ്പർ കെ.ജി. സത്യൻ വർക്കിംഗ് ചെയർമാനായും വിപുലമായ സംഘാടകസമിതി രൂപീകരിച്ച് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. കേരളോത്സവത്തിന്റെ ഭാഗമായ കലാമത്സരങ്ങൾ 28 ന്രാ വിലെ 9 മുതൽ ചെറുതോണി ടൗൺഹാൾ, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ്, പൊലീസ് സൊസൈറ്റി ഹാൾ എന്നിവിടങ്ങളിൽ നടത്തും.
29 ന് രാവിലെ 9 മുതൽ ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ മത്സരങ്ങൾ വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂൾ ഗ്രൗണ്ടിലും ക്രിക്കറ്റ് ഇടുക്കി ഐ.ഡി.എ. സ്റ്റേഡിയത്തിലും വോളീബോൾ വാഴത്തോപ്പ് പള്ളിത്താഴെ വോളീബോൾ കോർട്ടിലും, ഷട്ടിൽ ബാഡ്മിന്റൺ ഇടുക്കി എസ്.ജെ. ഇൻഡോർ കോർട്ടിലും ചെസ് മത്സരം ചെറുതോണി ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലും വ നടത്തും. അന്ന് തന്നെ ചെറുതോണി ടൗൺ ഹാളിൽ കബഡി മത്സരം രാവിലെ 10 മുതലും കളരിപ്പയറ്റ് 2 മുതലും നീന്തൽ മത്സരം രാവിലെ 10 മുതൽ വണ്ടമറ്റം അക്വാട്ടിക് സ്റ്റേഡിയത്തിലും നടത്തും.
ഡിസംബർ 30 ന് അത് ലറ്റിക്സ് മത്സരങ്ങൾ രാവിലെ 9 മണി മുതൽ കാൽവരി മൗണ്ട് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. പഞ്ചഗുസ്തി മത്സരം 2 മണിക്കും വടംവലി 3 മണിക്കും ചെറുതോണി ബസ് സ്റ്റാൻഡ് മൈതാനത്ത് വെച്ച് നടത്തും. ആർച്ചറി മത്സരങ്ങളുടെ വേദിയും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായ ത്തുകളിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര 30 ന് വൈകിട്ട് 4 ന് ചെറുതോണി പാപ്പൻസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കും. ചെറുതോണി ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിക്കും. തുടർന്ന് കേരളോത്സവം സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു അദ്ധ്യക്ഷത വഹിക്കും.