star
കുടപ്പന ഈർക്കിൽ കൊണ്ട് നിർമ്മിച്ച നക്ഷത്രം

ചെറുതോണി: പതിനായിരത്തോളം കുടപ്പന ഈർക്കിൽ ഉപയോഗിച്ച് നിർമ്മിച്ച നക്ഷത്രമാണ് ഇത്തവണത്തെ ക്രിസ്തുമസിലെ താരം. ഇടുക്കി മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിലാണ് ഈ വ്യത്യസ്ത നക്ഷത്രമുള്ളത്. ഇടവകയിലെ മുപ്പതോളം കുടുംബങ്ങളടങ്ങുന്ന സെന്റ് തോമസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നക്ഷത്രത്തിന്റെ നിർമ്മാണം. കയർ, ഈറ്റ, മുള തുടങ്ങി പ്രകൃതിദത്ത വസ്തുക്കൾകൊണ്ട് നക്ഷത്രം നിർമ്മിക്കുന്നത് മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ പതിവാണ്. ഇത്തവണയൊരു വ്യത്യസ്തതയാകട്ടെ എന്ന ആലോചനയിൽ നിന്നാണ് കുടപ്പനയുടെ ഈർക്കിൽ ഉപയോഗിച്ച് നക്ഷത്രം നിർമ്മിക്കാൻ തീരുമാനിച്ചത്. പിന്നെയൊട്ടും വൈകിയില്ല, നേരെ മലഞ്ചെരുവിലെത്തി കുടപ്പനയിൽ കയറി ഓല വെട്ടിയിറക്കി. പതിനായിരത്തോളം ഈർക്കിൽ ചീകിയെടുത്താണ് നക്ഷത്രമുണ്ടാക്കിയത്. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടൻമുടി മലമുകളിലാണ് അതിമനോഹരമായ ദേവാലയം സ്ഥിതി ചെയ്യുന്നത്. രാത്രിയിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെ നടുവിൽ ഇവിടമൊരു വിസ്മയ കാഴ്ചയാണ്. റീൽസുകളിലൂടെയും മറ്റും സാമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന മുണ്ടൻമുടി പള്ളിയും അവിടത്തെ ഈർക്കിൽ നക്ഷത്രവും കാണാൻ നിരവധിയാളുകൾ എത്തുന്നുണ്ട്.